സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഇന്ത്യൻ യൂനിവേഴ്‌സിറ്റികൾ പങ്കെടുക്കുന്ന ഉന്നത വിദ്യാഭ്യാസ കരിയർ മേളകൾ നാളെ മുതൽ
text_fieldsഎഡ്യൂനിയൽ ഗ്രൂപ് ഡയറക്ടർ ത്രിഭുവൻ പ്രതാപ് സിങ്, എജുക്കേഷനൽ കൺസൾട്ടിങ് ആൻഡ് ഗൈഡൻസ് സർവിസസ് സൗദി ജനറൽ മാനേജർ റിയാസ് മുല്ല എന്നിവർ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് സൗദി അറേബ്യയിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ അവതരിപ്പിക്കുന്നതിനായി എഡ്യൂക്കേഷനൽ കൺസൾട്ടിങ് ആൻഡ് ഗൈഡൻസ് സർവീസസുമായി (ഇ.സി.ജി.എസ്) സഹകരിച്ച് എഡ്യൂനിയൽ ഇൻഫോ ടെക് ഗ്രൂപ്പ് 'ഇന്ത്യൻ ഹയർ എഡ്യൂക്കേഷൻ ആൻഡ് കരിയർ ഫെയർ 2025' വാർഷിക പരിപാടി സൗദിയിലെ മൂന്ന് നഗരങ്ങളിൽ സംഘടിപ്പിക്കുന്നതായി ഗ്രൂപ്പ് സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ (നവംബർ 13 ന് വ്യാഴാഴ്ച്ച) ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലും 14, 15 തീയതികളിൽ (വെള്ളി, ശനി) അൽഖോബാറിലെ ഡ്യൂൻസ് ഇന്റർനാഷനൽ സ്‌കൂളിലും 17 ന് തിങ്കളാഴ്ച റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലുമാണ് കരിയർ മേളകൾ നടക്കുക. ഇന്ത്യയുടെ അക്കാദമിക് ശക്തിയും ഗ്ലോബൽ എഡ്യൂക്കേഷൻ ഹബ് എന്ന സ്ഥാനവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം, മിഡിൽ ഈസ്റ്റിൽ പ്രോത്സാഹിപ്പിക്കുന്നതിൽ 2013 മുതൽ എഡ്യൂനിയൽ ഗ്രൂപ്പ് മുൻനിരയിലാണെന്നും ഈ വർഷത്തെ മേള സൗദി അറേബ്യയിൽ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ പരിപാടിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാരഥികൾ അറിയിച്ചു.
എഞ്ചിനീയറിംങ് , മാനേജ്‌മെന്റ്, മെഡിസിൻ, ഫാർമസി, നിയമം, ലിബറൽ ആർട്‌സ്, ഡിസൈൻ, ന്യൂഏജ് ടെക്‌നോളജികൾ തുടങ്ങിയ വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന 20-ലധികം പ്രമുഖ ഇന്ത്യൻ സർവകലാശാലകളും സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. ഇന്ത്യയിലെ മികച്ച സർവകലാശാലകളിലെ ഡയറക്ടർമാർ, ഡീൻമാർ, അഡ്മിഷൻ ഓഫീസർമാർ എന്നിവരുമായി നേരിട്ടുള്ള സംവാദം , വിദ്യാർത്ഥികൾക്ക് തത്സമയം യോഗ്യതാ വിലയിരുത്തലും ഡോക്യുമെന്റേഷൻ മാർഗ്ഗനിർദ്ദേശവും നൽകുന്ന സ്‌പോട്ട് അപേക്ഷാ സൗകര്യവും കൗൺസിലിംഗും , മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും ആവശ്യമുള്ളതുമായ സ്കോളർഷിപ്പ്, സാമ്പത്തിക സഹായ മാർഗ്ഗനിർദ്ദേശങ്ങൾ, വിദ്യാഭ്യാസ വിദഗ്ധരും കരിയർ ഉപദേഷ്ടാക്കളും നയിക്കുന്ന കരിയർ പാത്ത്‌വേ സെഷനുകൾ, കൂടാതെ സ്‌കൂൾ പ്രിൻസിപ്പൽമാർക്കും കൗൺസിലർമാർക്കും ഇന്ത്യൻ യൂണിവേഴ്‌സിറ്റി പ്രതിനിധികൾക്കും വേണ്ടിയുള്ള കൂട്ടായ നെറ്റ് വർക്കിംഗ് അവസരങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
ലോകോത്തര നിലവാരമുള്ള അക്കാദമിക്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ബഹു സാംസ്കാരിക എക്‌സ്‌പോഷർ, മെച്ചപ്പെട്ട കരിയർ സാധ്യതകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമായി സൗദിയിലെ വിദ്യാർത്ഥികളെ ബന്ധിപ്പിക്കാൻ ഈ മേള ലക്ഷ്യമിടുന്നു. സൗദിയിൽ താമസിക്കുന്ന 25 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ നൽകുക എന്ന വലിയ ആവശ്യകതയെ മേള അഭിസംബോധന ചെയ്യും. മധ്യസ്ഥരില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടാനും കോഴ്‌സുകള്‍, പ്രവേശനം എന്നിവയെക്കുറിച്ചറിയാനും മേള വഴിയൊരുക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0551125525 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സാരഥികൾ അറിയിച്ചു. എഡ്യൂനിയൽ ഗ്രൂപ്പ് ഡയറക്ടർ ത്രിഭുവൻ പ്രതാപ് സിംഗ്, എഡ്യൂക്കേഷനൽ കൺസൾട്ടിങ് ആൻഡ് ഗൈഡൻസ് സർവീസസ് സൗദി ജനറൽ മാനേജർ റിയാസ് മുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

