മക്കയിൽ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണം
text_fieldsമദീനയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് സംഘത്തെ അസീസിയയിൽ മലയാളി വളൻറിയർമാർ സ്വീകരിച്ചപ്പോൾ
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജിനെത്തിയ ആദ്യ തീർത്ഥാടക സംഘം മക്കയിലെത്തി. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ അസീസിയിലെ താമസസ്ഥലത്ത് എത്തിയ ഹാജിമാർക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ ഉൾപ്പെടെയുള്ള ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
കഴിഞ്ഞമാസം 29ന് ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളിൽനിന്നെത്തിയ 550 തീർഥാടകരാണ് മദീനയിൽനിന്ന് ബുധനാഴ്ച വൈകീട്ട് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ മക്കയിലെത്തിയത്. ഈ വർഷത്തെ ഹജ്ജിന് വിദേശത്തുനിന്നെത്തിയ ആദ്യ തീർഥാടകസംഘമായിരുന്നു ഇവർ. അന്ന് രണ്ട് വിമാനങ്ങളിലായാണ് ഇവർ മദീനയിലെത്തിയത്. അതിനുശേഷം മദീന മസ്ജിദുന്നബവിയിലെ പ്രാർഥനയും റൗദയും ചരിത്രസ്ഥലങ്ങളും സന്ദർശനവുമായി കഴിയുകയായിരുന്നു.
സന്ദർശനം പൂർത്തിയാക്കിയ തീർഥാടകർ മക്കയിൽ നാളത്തെ ജുമുഅയിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് എത്തിയിരിക്കുന്നത്. ഇവർക്ക് അസീസിയയിലെ 289, 262, 21, അഞ്ച് എന്നീ ബിൽഡിങ് നമ്പറുകളിലുള്ള ഹജ്ജ് മിഷെൻറ കെട്ടിടങ്ങളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. പുലർച്ചെ മക്കയിലെത്തിയ ഹാജിമാരെ വരവേൽക്കാനായി മലയാളി വളൻറിയർമാർ താമസകേന്ദ്രങ്ങൾക്ക് മുന്നിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ എത്തി സമ്മാനപ്പൊതികളുമായി കാത്തുനിന്നിരുന്നു.
അനധികൃതരായി തങ്ങുന്നവരെ കണ്ടെടുത്താൻ മക്കയിൽ സുരക്ഷാവിഭാഗങ്ങൾ നടത്തുന്ന കർശനമായ പരിശോധനകൾ കാരണം വളൻറിയർമാർ പൊതുവേ ആശങ്കയിലാണ്. അതുണ്ടായിട്ടും ഹാജിമാരെ സ്വീകരിക്കാൻ രാത്രി വൈകിയും വന്ന് കാത്തുനിൽക്കാൻ അവർക്ക് മടിയുണ്ടായില്ല. കുഞ്ഞുമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, ഫരീദ് ഐക്കരപ്പടി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കെ.എം.സി.സി, വിഖായ തുടങ്ങിയ വിവിധ വളൻറിയർമാരാണ് ഹാജിമാരെ സ്വീകരിച്ചത്.
മക്കയിലെത്തിയ ഹാജിമാർ നാട്ടിൽനിന്നുള്ള വളൻറിയർമാരോടൊപ്പം ഉംറക്കായി ഹറമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അസീസിയയിൽനിന്നും ഹറമിലേക്ക് 24 മണിക്കൂറും ബസ് സർവിസ് ആരംഭിച്ചിട്ടുണ്ട്. ഇന്നുമുതൽ കൂടുതൽ തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ശനിയാഴ്ച മുതൽ ജിദ്ദ വഴിയും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെത്തും. ഇന്ത്യ-പാക് യുദ്ധഭീതി നിലനിൽക്കുന്നതിനാൽ രാജ്യത്ത് 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരുന്നു. ഹജ്ജിന് പുറപ്പെടാൻ തയ്യാറായി കാത്തിരിക്കുന്ന തീർഥാടകരിൽ പലരും ഇതുമൂലം ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

