മസ്ജിദുൽ ഹറമിലെ ജുമുഅയിൽ ലക്ഷത്തിലേറെ ഇന്ത്യൻ തീർഥാടകർ പങ്കെടുത്തു
text_fieldsമക്കയിലെത്തിയ ഇന്ത്യൻ ഹാജിമാർ വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറമിലേക്കുള്ള യാത്രയിൽ
മക്ക: 45 ഡിഗ്രി ചൂടാണ് വെള്ളിയാഴ്ച മക്കയിൽ രേഖപ്പെടുത്തിയത്. കത്തുന്ന ചൂടിനെയും അവഗണിച്ച് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർഥാടകരാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാനായി മസ്ജിദുൽ ഹറമിൽ എത്തിച്ചേർന്നത്. ഹാജിമാരെ അനായാസം ഹറമിലും തിരിച്ചുമെത്തിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷൻ നേരത്തെ നൽകിയ അറിയിപ്പനുസരിച്ച് പുലർച്ചെ മുതൽ ഹാജിമാർ ഹറമിലേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ10.30ടെ മുഴുവൻ തീർത്ഥാടകരും ഹറമിൽ എത്തി. കുദായി ബസ് സ്റ്റേഷൻ വഴി 75000 തീർഥാടകരും മഹ്ബസ്ജിൻ വഴി 25000 ഹാജിമാരുമാണ് ജുമുഅക്ക് എത്തിയത്.
മുഴുവൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെയും വിവിധ വകുപ്പുകളിലായി അഡീഷനൽ ഡ്യൂട്ടി നൽകി ഹറമിനും പരിസരത്തുമായി ചുമതലപ്പെടുത്തിയിരുന്നു. വിവിധ മലയാളി സന്നദ്ധസേവന പ്രവർത്തകരും ഹാജിമാർക്ക് തണലേകി വഴിനീളെ സഹായത്തിനെത്തി. തണുത്ത പാനീയവും ജ്യൂസും നൽകി വിവിധ സംഘടനാ വളന്റിയർമാരുടെ പ്രവർത്തനം ഹാജിമാർക്ക് ഏറെ ആശ്വാസമായി. വിവിധ ബസ്സുകളിലേക്ക് തീർഥാടകരെ തിരിച്ചുവിടാനും പ്രായാധിക്യമുള്ളവരെയും വീൽചെയറിൽ എത്തിയ ഹാജിമാരെയും ബസുകളിൽ കയറ്റാനും സന്നദ്ധ വളന്റിയർമാർ സഹായത്തിനെത്തി.
ശക്തമായ ചൂടിലും പൊടിക്കാറ്റിലും പല ഹാജിമാർക്കും ആരോഗ്യ പ്രയാസങ്ങൾ നേരിട്ടു. ഇവരെ പ്രാഥമിക ചികിത്സ നൽകിയാണ് വിട്ടയച്ചത്. ഇതിനായി പ്രത്യേകം മെഡിക്കൽ സംഘങ്ങളെ ഹറമിന് ചുറ്റും ഏർപ്പെടുത്തിയിരുന്നു. 6000ലേറെ മലയാളി തീർഥാടകരും ജുമുഅയിലും പ്രാർഥനയിലും പങ്കുകൊള്ളാൻ ഹറമിൽ എത്തിയിരുന്നു. ആദ്യമായി ജുമുഅയിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു പല തീർഥാടകരും. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഹറമിലേക്ക് പോയ ഹാജിമാർ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

