സൗദി ദേശീയദിനം ആഘോഷിച്ച് ഇന്ത്യൻ ഫുട്ബാൾ ക്ലബ്
text_fieldsഫുട്ബാൾ ക്ലബ് കോർണിഷ് സോക്കർ സംഘടിപ്പിച്ച സൗദി
ദേശീയ ദിനാഘോഷം
ദമ്മാം: ഫുട്ബാൾ ക്ലബായ കോർണീഷ് സോക്കർ സൗദിയുടെ 93ാം ദേശീയദിനം വേറിട്ട പരിപാടികൾകൊണ്ട് ആഘോഷമാക്കി. കായികമേഖലയിലെ സൗദിയുടെ കുതിപ്പിനും വിദേശികളോടുള്ള ചേർത്തുപിടിക്കലിനുമുള്ള നന്ദിപ്രകടനമായി മാറി ഈ ആഘോഷ പരിപാടി. സൗദിയുടെയും ഇന്ത്യയുടെയും പതാകയേന്തി അൽഖോബാർ അൽഗുസൈബി സ്റ്റേഡിയത്തിൽ ഒരുക്കിയ ഗ്രൗണ്ട് പരേഡും ശ്രദ്ധേയമായി. മുതിർന്നവരും കുട്ടികളും വനിതകളും ഉൾപ്പെടെ നിരവധിപേർ ആഘോഷത്തിൽ പങ്കെടുത്തു. സൗദി പൗരപ്രമുഖൻ മുഹമ്മദ് മൊഫാദി അൽ അനസി, സൗദി സൈക്കിൾ ക്ലബ് ഹെഡ് സാക്കിർ ഹുസൈൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
രാജ്യത്തോടുള്ള സ്നേഹത്തിനും കൂറിനുമെല്ലാം മുഹമ്മദ് മൊഫാദി അൽ അനസി നന്ദി അറിയിച്ചു. അതിഥികളും ക്ലബ് പ്രവർത്തകരും കാണികളായി എത്തിയ ഫുട്ബാൾ പ്രേമികളുമെല്ലാം ചേർന്ന് ഭീമൻ കേക്ക് മുറിച്ചും പരസ്പരം നൽകിയും സന്തോഷം പങ്കുവെച്ചു. പ്രസിഡൻറ് റഫീഖ്, രക്ഷാധികാരി സക്കീർ വള്ളക്കടവ്, മുഹമ്മദ് സാലി തൃക്കരിപ്പൂർ, ജുനൈദ് നീലേശ്വരം, സമദ് കാടങ്കോട്, അഷ്റഫ് സോണി എന്നിവർ സംബന്ധിച്ചു. സമീർ കരമന, വസീം ബീരിച്ചേരി, ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, സുലൈമാൻ മുറക്കാട്ട്, അസ്ഹർ ബീരിച്ചേരി, സബാഹ് കോഴിക്കോട്, റഷീദ് റവാബി എന്നിവർ നേതൃത്വം നൽകി.

