റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ 'ഏർലി ഡേയ്‌സ്'
text_fields'ഏർലി ഡേയ്‌സ്' ചിത്രത്തിലെ അഭിനേതാക്കളും പിന്നണി പ്രവർത്തകരും റെഡ് സീ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപറ്റിൽ
ജിദ്ദ: റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ 'ന്യൂ വിഷൻസ് കോമ്പറ്റീഷൻ' വിഭാഗത്തിൽ പ്രിയങ്കർ പാത്ര സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ 'ഏർലി ഡേയ്‌സ്' എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. ആധുനിക ദമ്പതികളുടെ ജീവിതവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗും പ്രമേയമാക്കിയ ഈ ചിത്രം, ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര ലോകത്തിന് മുന്നിൽ ആദ്യമായി പ്രദർശിപ്പിച്ചു.
മുംബൈ നഗരത്തിന്റെ പശ്ചാതലത്തിൽ ഒരുക്കിയ ഈ ദ്വിപാത്ര സിനിമ, യാദൃച്ഛികമായി ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിക്കുന്ന യുവ ദമ്പതികളുടെ കഥയാണ് പറയുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും ഒരു പ്രണയബന്ധത്തെ എങ്ങനെ നിർവചിക്കുന്നു, ചിലപ്പോൾ തകർക്കുന്നു എന്ന ആഴത്തിലുള്ള അന്വേഷണം ചിത്രം നടത്തുന്നു. സോഷ്യൽ മീഡിയയുടെ തത്സമയ സ്വഭാവത്തെ ചലച്ചിത്ര യാഥാർത്ഥ്യവുമായി ദൃശ്യപരമായി സംയോജിപ്പിച്ചുകൊണ്ട്, ഓൺലൈനിലും ഓഫ്ലൈനിലുമായി ജീവിക്കുന്ന പുതിയ തലമുറയുടെ ജീവിത താളത്തെയാണ് 'ഏർലി ഡേയ്‌സ്' പ്രതിഫലിപ്പിക്കുന്നത്.
'ഫോർ ഫിലിംസ് (ഇന്ത്യ)', 'ഹേസൽനട്ട് മീഡിയ (സിംഗപ്പൂർ)' എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശസ്ത ചലച്ചിത്രകാരനായ ആദിത്യ വിക്രം സെൻഗുപ്തയാണ്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ച പ്രിയങ്കർ പാത്ര, ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ (കണ്ടന്റ് ക്രിയേഷൻ) താൽപ്പര്യം കാണിച്ചിരുന്ന തന്റെ കസിനാണ് സിനിമയ്ക്ക് ആദ്യ പ്രചോദനമായതെന്ന് വെളിപ്പെടുത്തി.
'നമ്മുടെ ഉപകരണങ്ങൾ ഒന്നായിരിക്കുമ്പോഴും, തൊഴിലോ രീതികളോ ഒരുപോലെയാവണമെന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് എന്നെ കണ്ടന്റ് ക്രിയേറ്റർമാരിലേക്കും ഇൻഫ്ലുവൻസർമാരിലേക്കും കൂടുതൽ അടുപ്പിച്ചു. അവരെ കൂടുതൽ സഹാനുഭൂതിയോടെ കാണാൻ ഈ വ്യക്തിപരമായ ബന്ധം സഹായിച്ചു.'പാത്ര പറഞ്ഞു. 'മുംബൈ നഗരം പ്രശസ്തിയും പണവും വാഗ്ദാനം ചെയ്യുമെങ്കിലും, ഇവിടെ അതിജീവനം വളരെ ചെലവേറിയതാണ്. ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ഒരു ജീവിതശൈലി നിലനിർത്തണമെങ്കിൽ പ്രത്യേകിച്ചും. ബന്ധങ്ങൾ അമിതമായി പ്രദർശിപ്പിക്കപ്പെടുമ്പോൾ, അത് നമ്മുടേതല്ലാതായി കേവലം ഒരു പ്രകടനമായി മാറുന്നു. ഈ സമ്മർദ്ദത്തെ യാതൊരു മുൻ വിധിയുമില്ലാതെ കാണിക്കാനാണ് എന്റെ സിനിമ ലക്ഷ്യമിടുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാനസി കൗശിക്, സാർഥക് ശർമ്മ, രചനയും സംവിധാനവും നിർവഹിച്ച പ്രിയങ്കർ പാത്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദിത്യ വിക്രം സെൻഗുപ്ത തുടങ്ങിയവർ പ്രദർശനത്തിന് ശേഷം കാണികളുമായി സംവദിച്ചു. ചിത്രം കാണുന്നതിനായി ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഫെസ്റ്റിവലിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

