ആരോ ഒപ്പിച്ച വികൃതിയിൽ കുടുങ്ങി ഇന്ത്യൻ കുടുംബം
text_fieldsറിയാദ്: ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ എമർജൻസി ലാൻഡിങ് നടത്തിയ ബർമിങ്ഹാം-ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രികരായ നാലംഗ കുടുംബം ഊരാക്കുടുക്കിൽ. ലണ്ടനിൽ ശാസ്ത്രജ്ഞനായ ബംഗളുരു സ്വദേശിയും ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥയും യു.പി സ്വദേശിയുമായ ഭാര്യയും എയ്റോനോട്ടിക്കൽ എൻജിനീയറായ മൂത്ത മകനും ലണ്ടനിലെ സ്കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിയായ ഇളയമകനുമടങ്ങുന്ന കുടുംബമാണ് ആരോ ഒപ്പിച്ച വികൃതിയിൽ കുടുങ്ങിയത്.
ടിഷ്യൂ പേപ്പറിൽ പേനകൊണ്ട് എഴുതി ടോയിലറ്റിലെ കണ്ണാടിയിൽ ഒട്ടിച്ച നിലയിലായിരുന്നു ഭീഷണി സന്ദേശം. ഇതെഴുതിയത് ഈ 15 കാരനായിരിക്കാമെന്ന കാബിൻ ക്രൂവിലെ ഒരാൾക്കുണ്ടായ സംശയമാണ് കുടുംബത്തെ കുടുക്കിയത്. കഴിഞ്ഞ മാസം 21ന് പുലർച്ച ബർമിങ്ഹാം എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് എ.ഐ 114ാം നമ്പർ വിമാനത്തിലെ ഏറ്റവും പിന്നിലുള്ള ടോയ്ലറ്റിലെ ഭീഷണി സന്ദേശം ജീവനക്കാർ കണ്ടത്. ഉടൻ ക്യാപ്റ്റനെ വിവരം അറിയിച്ചു. ആ സമയം വിമാനം സൗദി വ്യോമാതിർത്തിക്കുള്ളിലായിരുന്നു.
റിയാദ് എയർപ്പോർട്ടാണ് അടുത്തുള്ളതെന്ന് മനസിലാക്കി അടിയന്തര ലാൻഡിങ്ങിനുള്ള അനുവാദം തേടി. ഏത് സാഹചര്യത്തേയും നേരിടാൻ സർവസന്നാഹങ്ങളുമായി റിയാദ് എയർപ്പോർട്ട് ഉടൻ സജ്ജമായി. വിമാനം റൺവേ തൊട്ടു. അപ്പോൾ രാത്രിയായിരുന്നു. നിമിഷവേഗത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ്, ബോംബ് സ്ക്വാഡ്, എയർപ്പോർട്ട് പൊലീസ്, മറ്റു സുരക്ഷ വിഭാഗങ്ങൾ എല്ലാം വിമാനത്തെ വളഞ്ഞു. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം അരിച്ചുപെറുക്കി പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായി.
യാത്രക്കാരെ ട്രൻസിസ്റ്റ് വിസയിൽ പുറത്തെത്തിച്ച് ഹോട്ടലിലേക്ക് മാറ്റാൻ എയർ ഇന്ത്യ നടപടി സ്വീകരിച്ചു. വ്യാജ ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള വിവര ശേഖരണത്തിനിടെ ജീവനക്കാരിലൊരാൾ ഉയർത്തിയ സംശയമാണ് പയ്യനെ കുടുക്കിയത്. ബ്ലാക്ക് ടീഷർട്ട് ധരിച്ച ഒരാൾ ടോയിലറ്റിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടതായി ഓർമയുണ്ടെന്നും അത് ഈ പയ്യാനായിരിക്കുമോ എന്ന് സംശയമുണ്ടെന്നും അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നേവി ബ്ലൂ ടീഷർട്ടാണ് അവൻ ധരിച്ചിരുന്നത്. മാതാപിതാക്കളോടും ജ്യേഷ്ഠനുമൊപ്പം ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കുകയായിരുന്ന അവനെ പൊലീസ് മാറ്റിനിർത്തി ചോദ്യം ചെയ്യുകയും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റുകയുമായിരുന്നു.
ഇതോടെ കുടുംബം പ്രതിസന്ധിയിലായി. മറ്റു യാത്രക്കാരോടൊപ്പം ഹോട്ടലിലേക്ക് മാറ്റിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും ജ്യേഷ്ഠനും നിസഹായരായിപ്പോയി. കരഞ്ഞ് തളർന്നിരിക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ. ബാക്കി യാത്രക്കാരെ അടുത്ത ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. കുടുംബവും സംശയമുന്നയിച്ച ജീവനക്കാരനും മാത്രം ഹോട്ടലിൽ ബാക്കിയായി.
24ാം തീയതി എയർ ഇന്ത്യ എയർപ്പോർട്ട് ഡ്യൂട്ടി മാനേജർ നൗഷാദ് വിവരമറിയിച്ചതിനെ തുടർന്ന് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഹോട്ടലിലെത്തുന്നതുവരെ ഇക്കാര്യങ്ങളൊന്നും റിയാദിലെ ഇന്ത്യൻ എംബസിയെ പോലും അറിയിച്ചിരുന്നില്ല. കുടുംബത്തെ കണ്ട ശിഹാബ് അപ്പോൾ തന്നെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനെ വിവരം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വിഷയത്തിലിടപെടുകയും അന്ന് വൈകിട്ട് കോൺസുലർ കൗൺസിലർ വൈ. സാബിറും ജയിൽ ഡിവിഷൻ അറ്റാഷെ രാജീവ് സിക്രിയും ശിഹാബും ജുവനൈൽ ഹോമിലും മറ്റു ഓഫിസുകളിലും പോയി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വിഷയം ഗൗരവമുള്ളതാണെന്ന് മനസിലായി. ഇതിനിടയിൽ ആകെ പരുങ്ങലിലായ വിമാന ജോലിക്കാരൻ ഒരു കറുത്ത ടീഷർട്ടുകാരൻ പോകുന്നത് കണ്ട ഓർമയിൽ സംശയം പറഞ്ഞതാണെന്നും ബ്ലൂ ടീഷർട്ടിട്ട 15 കാരനാണ് അതെന്ന് ഉറപ്പില്ലെന്നും മൊഴിനൽകി. എംബസി ഉദ്യോഗസ്ഥരുടെയും ശിഹാബിന്റെയും കഠിനശ്രമങ്ങൾക്കൊടുവിൽ 27ാം തീയതി ഒരു സൗദി പൗരന്റെ ജാമ്യത്തിൽ അവനെ ജൂവനൈൽ ഹോമിൽനിന്ന് പുറത്തിറക്കി മാതാപിതാക്കളുടെ അടുക്കലെത്തിച്ചു.
29ാം തീയതി അവന്റെ പാസ്പോർട്ടും ബാഗും മറ്റും സുരക്ഷ ഉദ്യോഗസ്ഥർ തിരികെ നൽകി. എല്ലാ പ്രശ്നവും പരിഹരിച്ചെന്ന് കരുതി അന്ന് വൈകീട്ട് ന്യൂ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാൻ എയർപ്പോർട്ടിലെത്തി. എന്നാൽ പാസ്പോർട്ടിൽ യാത്രാവിലക്ക് കണ്ടു. ബോർഡിങ് പാസ് ഇഷ്യൂ ചെയ്യാനാവുന്നില്ല. എയർപ്പോർട്ട് ട്രാവൽ സെക്യൂരിറ്റി കൺട്രോൾ ഡിവിഷന്റേതാണ് ബ്ലോക്കെന്ന് അന്വേഷണത്തിൽ മനസിലായി. യാത്ര മുടങ്ങി, കുടുംബം ഹോട്ടലിൽ തിരിച്ചെത്തി.
ഇതുവരെ 12 ദിവസമായി. ട്രാൻസിസ്റ്റ് വിസക്ക് നാലു ദിവസം മാത്രമാണ് കാലാവധി. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർക്കുള്ള ഇളവ് അനുകൂലമാവും എന്നാണ് കരുതുന്നത്.
പക്ഷേ, പാസ്പോർട്ടിലെ ബ്ലോക്ക് നീക്കാതെ യാത്ര സാധ്യമല്ല. അംബാസഡർ പ്രത്യേക താൽപര്യം തന്നെ എടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ്. എംബസി ഉദ്യോഗസ്ഥരും ശിഹാബ് കൊട്ടുകാടും ട്രാൻസിലേറ്റർമാരായ റഈസുൽ ആലം, സവാദ് എന്നിവരും എല്ലാദിവസവും നിരവധി ഓഫിസുകൾ കയറിയിറങ്ങി പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്. സൗദിയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അനുഭാവപൂർവമാണ് പെരുമാറുന്നതെന്നും നല്ല സഹകരണമാണ് അവരിൽനിന്ന് ലഭിക്കുന്നതെന്നും ശിഹാബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഓർക്കാപ്പുറത്തുണ്ടായ ദുരനുഭവങ്ങളുടെ പ്രഹരത്തിൽ ആകെ തകർന്ന അവസ്ഥയിലാണ് കുടുംബം. സ്കൂൾ ടോപ്പറായ അവൻ നല്ലൊരു ചിത്രകാരനും ചെസ് കളിക്കാരനുമാണ്. ഈ ദുരനുഭവം അവനെ ആകെ തളർത്തിയിട്ടുണ്ട്. അതിന്റെ ആഘാതത്തിലാണ് അവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

