മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ അനിവാര്യം -ഇന്ത്യൻ സംഘടനകൾ
text_fieldsമക്കയിൽ ഇന്ത്യൻ സ്കൂൾ എന്ന ആവശ്യവുമായി ഒരുമിച്ചുകൂടിയ ഇന്ത്യൻ സംഘടന പ്രതിനിധികൾ
മക്ക: മക്കയിൽ ഒരു ഇന്ത്യൻ സ്കൂൾ ഏറെ അനിവാര്യമാണെന്നും ഇതിനാവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നും മക്കയിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകളുടെയും സംഘടനകളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
മലയാളി നഴ്സസ് ഫോറം (എം.എൻ.എഫ്) മക്ക അസീസിയ്യയിലെ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ മാസം എം.എൻ.എഫ് ഭാരവാഹികളും രക്ഷിതാക്കളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി നടക്കുന്ന കുട്ടികളുടെ വിവര ശേഖരണം വേഗത്തിൽ തീർക്കുക എന്ന കാര്യത്തിൽ പിന്തുണയും സഹകരണവും എല്ലാ പ്രതിനിധികളും വാഗ്ദാനം ചെയ്തു.
മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ, സ്കൂളിനായി മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
മക്കയിൽ നിലവിലെ സ്ഥിരം താമസക്കാരും, സന്ദർശക വിസയിലുള്ള കുട്ടികളും, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ സ്ഥിര താമസമാക്കിയ കുട്ടികളുടെയും മറ്റും വിവരങ്ങൾ രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും പെട്ടെന്ന് പൂരിപ്പിച്ചു സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.പ്രസിഡന്റ് മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ സാലിഹ് സ്വാഗതവും ട്രഷറർ നിസ നിസാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

