ദുരിതത്തിലായ പ്രവാസിക്ക് തുണയായി ഇന്ത്യൻ എംബസി; ജോസഫ് വെൻസിസ്ലാസ് നാട്ടിലെത്തി
text_fieldsനാട്ടിലെത്തിയ ജോസഫ് വെൻസിസ്ലാസിനെ സഹോദരൻ
പീറ്ററും ബന്ധുക്കളും സ്വീകരിക്കുന്നു
ജുബൈൽ: ദമ്മാമിൽ രോഗബാധിതനായി പ്രയാസത്തിൽ അകപ്പെട്ടിരുന്ന തമിഴ്നാട് കന്യാകുമാരി പാളൂർ സ്വദേശി ജോസഫ് വെൻസിസ്ലാസ് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന് സുരക്ഷിതനായി നാട്ടിലെത്തി. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദമ്മാമിലെ അൽഅമൽ ആശുപത്രിയിൽ രണ്ട് മാസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് മടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ജോസഫിനെ സ്വീകരിക്കാൻ സഹോദരൻ പീറ്ററും ബന്ധുമിത്രാദികളും എത്തിയിരുന്നു.
അൽ അഹ്സയിലും ദമ്മാമിലും കെട്ടിട നിർമാണ മേഖലയിലാണ് ജോസഫ് ജോലി ചെയ്തിരുന്നത്. ഇതിനിടെ രോഗബാധിതനായ അദ്ദേഹത്തിെൻറ ഇഖാമ, മെഡിക്കൽ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നതിനാൽ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയിലുമായി. ഇതോടെ കേന്ദ്ര ഗവൺമെന്റിന്റെയും ഇന്ത്യൻ എംബസിയുടെയും പിന്തുണയോടെ ജോസഫിനെ നാട്ടിലേക്കെത്തിക്കാൻ ജോസഫിന്റെ കുടുംബം കന്യാകുമാരി മണ്ഡലം എം.പി വിജയ് വസന്തിനെ സമീപിച്ചു. അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനോട് ജോസഫിന് ആവശ്യമായ സഹായമെത്തിക്കാൻ നിർദേശിക്കുകയായിരുന്നു.
മഞ്ജു മണിക്കുട്ടൻ പാസ്പോർട്ട് നടപടികൾ, സൗദി ലേബർ ഓഫിസിലെയും ജവാസാത്തിലെയും അനുമതികൾ, വിമാനത്താവളത്തിലെ വീൽചെയർ സൗകര്യം എന്നിവ ഉറപ്പുവരുത്തി. സ്പോൺസർ ഇൻഷുറൻസ് പുതുക്കി നൽകുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥരായ സാബിർ, ആഷിഖ് എന്നിവരുടെ സജീവമായ ഇടപെടലും ദൗത്യം വേഗത്തിലാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽ ജോലി ചെയ്യുന്ന അൻവർ അമ്പാടന് ഒപ്പമാണ് ജോസഫ് നാട്ടിലേക്ക് മടങ്ങിയത്. സുരേഷ് ഭാരതി, മണിക്കുട്ടൻ, സാക്കിർ, നെൽസൺ, മാർക്ക്, റസൽ രാജ്, ഫ്രാൻസിസ്, അബു താഹിർ എന്നിവരും ദൗത്യ നിർവഹണത്തിന് നേതൃത്വം നൽകി. പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഇന്ത്യൻ അംബാസഡർ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, എംബസി ഉദ്യോഗസ്ഥർ, ജവാസാത്ത് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് ജോസഫിന്റെ കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

