റിയാദിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ച് ഇന്ത്യൻ എംബസി
text_fieldsറിയാദ് ഇന്ത്യൻ എംബസി ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് കരോൾ, പുതുവത്സര ആഘോഷം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്മസ് കരോൾ, പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. റിയാദ് ഡി.ക്യുവിടെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം പ്രവാസി ഇന്ത്യൻ സമൂഹത്തിന് ആഹ്ലാദകരമായ ഒരു ചരിത്ര മുഹൂർത്തമായി. റിയാദിലെ ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) അബു മാത്തൻ ജോർജ് തിരി തെളിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഫസ്റ്റ് സെക്രട്ടറി വൈ. സബീർ ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. മുഖ്യ അതിഥികളായി ശിഹാബ് കോട്ടുകാട്, സിയഖം ഖാൻ, ഡോ. സലീം, എംബസി ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എംബസി അങ്കണത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് റിയാദിലുള്ള കോൺഗ്രിഗേഷൻ ഗ്രൂപ്പുകൾ ചേർന്ന് മനോഹരമായ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന ക്രിസ്മസ് പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. സാന്താക്ലോസിന്റെയും, ക്രിസ്മസ് ട്രീയുടെയും സാന്നിധ്യവും ക്രിസ്മസ് കേക്കും അലങ്കാരങ്ങളും ആഘോഷങ്ങൾക്ക് പൊലിമ പകർന്നു.
റവൽ ആൻറണി ഏബൽ, സതീഷ് കെ. ഡേവിഡ്, പ്രെഡിൻ അലക്സ് തോമസ്, അബി പോൾ യോഹന്നാൻ, ജോസഫ് ചാമവിള, ജസ്റ്റിൻ പുലിക്കൂട്ടിൽ, ലിയോ, സാബു തോമസ്, റോയ് സാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസിയിൽ ആദ്യമായി സംഘടിപ്പിച്ച ഈ ക്രിസ്മസ് കരോൾ, ന്യൂ ഇയർ ആഘോഷം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ആഘോഷിക്കുന്ന ഒരു മനോഹര മാതൃകയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

