സൗദിയിൽ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാമെന്ന് ഇന്ത്യൻ എംബസി
text_fieldsറിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദിയിൽ വിസ കാലാവധി കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇളവുകൾ ഉണ്ടെന്ന് റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു. വിസിറ്റ്, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസകളിൽ സൗദി അറേബ്യയിലെത്തുകയും വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനാൽ രാജ്യത്ത് കൂടുതൽ ദിവസം തങ്ങേണ്ടി വരികയും ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് പിഴയില്ലാതെ രാജ്യം വിടാൻ സൗദി അധികൃതർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, വിസ കാലാവധി കഴിഞ്ഞവർ വിമാന സർവീസുകൾ ലഭ്യമാകുന്ന മുറയ്ക്ക് കഴിയുന്നത്ര വേഗത്തിൽ സൗദിയിൽ നിന്ന് മടങ്ങണമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
സൗദിയിലെ ഇന്ത്യൻ പൗരന്മാർ ശാന്തത പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മിസൈൽ, ഡ്രോൺ ആക്രമണ സമയത്ത് വീടുകൾക്കോ കെട്ടിടങ്ങൾക്കോ ഉള്ളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നും റീപോസ്റ്റ് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാനും ഇന്ത്യൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വി.എഫ്.എസ് വഴിയുള്ള പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
2026 ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മുഹമ്മദ് യൂസഫ് അലിയുടെ ഭൗതികശരീരം കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഒക്ടോബർ 12-ന് റിയാദിൽ ഖബറടക്കി. അംബാസഡറും എംബസി ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് ഇന്ത്യൻ പൗരന്മാരിൽ നാല് പേർ നിലവിൽ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. നാല് പേർ സാധാരണ വാർഡിൽ ചികിത്സയിലുള്ളപ്പോൾ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവരുടെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നുണ്ട്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. ദമാം, ജിദ്ദ, മദീന തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകൾ തുടരുന്നുണ്ടെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദ്, ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം സൗദിയ, ഫ്ലൈനാസ് എന്നീ വിമാനക്കമ്പനികൾ നിശ്ചിത റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്രയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അടിയന്തിരമായി സൗദി വിടേണ്ടവർക്ക് ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ സമീപ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കാമെങ്കിലും, അതത് രാജ്യങ്ങളുടെ വിസ നിബന്ധനകൾ ബാധകമായിരിക്കുമെന്നും എംബസി അറിയിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ഫോൺ +966-11-488469, 8002471234 (ടോൾ ഫ്രീ - സൗദിക്കുള്ളിൽ നിന്ന് മാത്രം)
വാട്ട്‌സ്ആപ്പ്: +966-536216082
ഇമെയിൽ: cw.riyadh@mea.gov. in.
കൂടാതെ ഔദ്യോഗിക വിവരങ്ങൾക്കായി എംബസിയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാവുന്നതാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

