ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ
text_fieldsറിയാദ്/ന്യൂഡൽഹി: ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനവും പിന്തുണയും നൽകുന്നതിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കി. ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല ഹജ്ജ് അവലോകന യോഗത്തിലാണ് ഇരു നയതന്ത്ര കാര്യാലയങ്ങളും ഇക്കാര്യം അടിവരയിട്ട് പറഞ്ഞത്.
തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവും ആത്മീയമായി തൃപ്തികരവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിനായി സൗദി അറേബ്യൻ അധികൃതരുമായും മറ്റ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചേർന്ന് ഒത്തുചൊരുമയോടെയുള്ള പ്രവർത്തനം തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് എംബസിയും കോൺസുലേറ്റും യോഗത്തിൽ അറിയിച്ചു.
ഉന്നതതല ഹജ്ജ് അവലോകന യോഗത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ചയായിരുന്നു ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള ഈ ഉന്നതതല യോഗം ചേർന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി എന്നിവർ യോഗത്തിൽ നേരിട്ട് പങ്കെടുത്തു.
ഇത്തവണത്തെ ഹജ്ജ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിനെ വിലയിരുത്തിയ യോഗം, വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിനായുള്ള കൃത്യമായ മാർഗ്ഗരേഖ രൂപവത്കരിക്കുന്നതിനെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. തീർത്ഥാടകരുടെ ക്ഷേമം കൂടുതൽ ഉറപ്പാക്കുക, യാത്രാ-താമസ സൗകര്യങ്ങൾ മികച്ച രീതിയിൽ സുഗമമാക്കുക, ഹജ്ജ് നിർവഹണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുക എന്നിവയ്ക്കാണ് യോഗം പ്രധാനമായും മുൻഗണന നൽകിയത്.
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീവത്സ കൃഷ്ണ, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ എന്നിവരും വിദേശകാര്യ മന്ത്രാലയത്തിലെയും ഹജ്ജ് നിർവഹണവുമായി ബന്ധപ്പെട്ട മറ്റ് വിവിധ മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിെൻറ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

