ഇന്ത്യൻ സാംസ്കാരിക രാവ് ഏപ്രിൽ 16 മുതൽ 19 വരെ
text_fieldsദമ്മാം: അൽ ഖോബാറിൽ ഇസ്കാൻ പാർക്കിൽ ആരംഭിച്ച പാസ്പോർട്ട് ടു ദ വേൾഡ് പ്രവാസി ആഘോഷമേളയിൽ ഏപ്രിൽ 16 മുതൽ 19 വരെ ഇന്ത്യക്കാർക്കായി കലാവിരുന്നും രുചിമേളയും അരങ്ങേറും. കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികളായിരിക്കും അരങ്ങേറുക. നാലു ദിവസവും വൈകീട്ട് നാലു മുതൽ പരിപാടികൾ ആരംഭിക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം.
നാലു ദിവസങ്ങളിലും ഇന്ത്യയിൽനിന്നുള്ള നിരവധി കലാകാരന്മാരാണ് പരിപാടികളവതരിപ്പിക്കാൻ എത്തുന്നത്. 16-ന് ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, സജ്ലി സലീം, പൂജ കന്ദൽവാൾ എന്നിവർ പരിപാടികൾ അവതരിപ്പിക്കും.
17-ന് റിഷി സിങ്, അകസ, സജ്ലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും 18-ന് അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും കലാപരിപാടികളവതരിപ്പിക്കും. അവസാന ദിവസമായ 19-ന് എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക.
പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കാനും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ ആഘോഷമേള ഒരുക്കുന്നത്. ഓരോ രാജ്യത്തിന്റെയും നാടോടി രൂപങ്ങള്‍, തുണിത്തരങ്ങള്‍, പ്രകൃതി ഘടകങ്ങള്‍, വാസ്തുവിദ്യ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏകീകൃത ദൃശ്യ രൂപകല്പനയിലൂടെയും കലാപരമായ സ്വത്വത്തിലൂടെയും പ്രതിഫലിക്കുന്ന സംയോജിത അനുഭവം ‘പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്’ വാഗ്ദാനം ചെയ്യുന്നു.
ഓരോ പവിലിയനിലും പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും കരകൗശല വസ്തുക്കളും അടക്കമുള്ള സാംസ്കാരിക ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. തുറന്ന ചന്തയും ഒരുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

