ജുബൈലിൽ കുടുങ്ങിയ ‘അൽ അമീർ’ കപ്പലിലെ ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
ജുബൈൽ: സൗദി അറേബ്യൻ തീരത്തെ ജുബൈൽ തുറമുഖത്തിന് സമീപം കുടുങ്ങിയ താൻസാനിയൻ ചരക്കു കപ്പലായ ‘എം.ടി സ്ട്രാറ്റോസ്’ൽനിന്ന് ചരക്കുനീക്കം ചെയ്യാനും കപ്പലിനെ ദുബൈയിലേക്ക് കൊണ്ടുപോകാനും എത്തി സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിയ യു.എ.ഇ കപ്പലായ ‘അൽ അമീറി’ലെ ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക്.
16 ജീവനക്കാരുമായാണ് അൽ അമീർ ജുബൈൽ തീരത്ത് നങ്കൂരമിട്ടത്. സാങ്കേതിക കാരണങ്ങളാൽ ദൗത്യം പൂർത്തിയാക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. അതോടെ കപ്പൽ ജീവനക്കാർക്കും ജുബൈലിൽ തന്നെ തങ്ങേണ്ടി വന്നു.കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യൻ ജീവനക്കാരിൽ 13 പേർ ദമ്മാമിൽനിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. പാസ്പോർട്ട് പുതുക്കാൻ കൊടുത്തിരിക്കുന്നതിനാൽ ഒരാൾക്ക് പോകാനായില്ല.
ബാക്കി രണ്ട് പേർ കപ്പലിൽ പകരം ക്രൂ എത്തുന്നതുവരെ വരെ തുടരും. മുഴുവൻ ജീവനക്കാർക്കും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കമ്പനി നൽകും.അതേസമയം ‘എം.ടി സ്ട്രാറ്റോസ്’ കപ്പലിലെ ജീവനക്കാരായ 10 പേർ ഇപ്പോഴും കപ്പലിൽതന്നെ തുടരുകയാണ്. ഇവരുടെ മടക്കവും ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖിലെ ബസ്റ തുറമുഖത്തുനിന്ന് ദുബൈയിലേക്ക് ചരക്കുമായി പുറപ്പെട്ടതാണ് ഇറാഖി പൗരന്റെ ഉടമസ്ഥതയിലുള്ള എം.ടി സ്ട്രാറ്റോസ് എന്ന കപ്പൽ. ഈ വർഷം ജനുവരി ഒമ്പതിന് പേർഷ്യൻ ഉൾക്കടലിൽ സൗദി സമുദ്രാതിർത്തിയിലൂടെ കടന്നുപോകുമ്പോൾ മോശം കാലാവസ്ഥ കാരണം കറൻ ദ്വീപിൽ കപ്പൽ കുടുങ്ങുകയായിരുന്നു.
ടാങ്കുകളിൽ ദ്വാരം ഉണ്ടാവുകയും പാറക്കിടയിൽപ്പെടുകയും ആയിരുന്നു.ഇതിനിടെ സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുകയും ജീവനക്കാർ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. കെട്ടിവലിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് നിരവധി തവണ ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്ന ഭാഗത്തുനിന്ന് കപ്പലിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെയും തുറമുഖ നിയന്ത്രണ വിഭാഗത്തിന്റെയും അനുമതിയോടെ കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് അൽ അമീർ കപ്പലിലേക്ക് മാറ്റി.
അതിനുശേഷം ഉയർന്ന വേലിയേറ്റ സമയത്ത് എം.ടി സ്ട്രാറ്റോസ് വീണ്ടും കടലിലേക്ക് ഇറക്കി. പക്ഷെ കപ്പലിന്റെ ചില പ്രധാന യന്ത്രഭാഗങ്ങൾ കേടായതിനാൽ കപ്പൽ പൂർണമായി നിയന്ത്രണ വിധേയമായിരുന്നില്ല. ഇതുമൂലം സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജുബൈൽ തുറമുഖത്തുനിന്ന് ആറു മൈൽ അകലെയായി വീണ്ടും നങ്കൂരം ഇടേണ്ടി വന്നു.നിലവിൽ എം.ടി സ്ട്രാറ്റോസ് കപ്പലിൽ ഒമ്പത് ഇന്ത്യൻ ക്രൂ അംഗങ്ങളും ഒരു ഇറാഖി ചീഫ് എൻജിനീയറും ഉൾപ്പെടെ 10 പേർ ഉണ്ട്.
ആകെ ഉണ്ടായിരുന്ന 12 ജീവനക്കാരിൽ ഒരാൾ കപ്പൽ നീക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റതിനാലും മറ്റൊരാൾ തോളിൽ ജെല്ലിഫിഷ് ആക്രമണം നേരിട്ടതിനാലും നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. ഭക്ഷണവിതരണവും കെട്ടിവലിക്കുന്ന ബോട്ടിനും മറ്റു സേവനങ്ങൾക്കുമായി കപ്പലുടമ ഒരു പ്രാദേശിക ഏജൻറിനെ നിയോഗിച്ചിരുന്നു.ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സൗദി തീരസംരക്ഷണ സേന, ഏജന്റ് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് എംബസി വളന്റിയറും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറുമായ സലീം ആലപ്പുഴ ബാക്കിയുള്ള ആളുകളെ കൂടി നാട്ടിലേക്ക് അയക്കാനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

