കോവിഡ് നിയന്ത്രണങ്ങൾ; മദീനയിലെ നാളത്തെ ഇന്ത്യൻ കോൺസുലർ സംഘം സന്ദർശനം മാറ്റി
text_fieldsജിദ്ദ: സൗദിയിൽ വീണ്ടും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതിയ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ മുൻനിർത്തി ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നുള്ള കോൺസുലർ സംഘം വിവിധ പ്രദേശങ്ങളിൽ പാസ്‌പോര്‍ട്ട് സേവനങ്ങളും മറ്റും നൽകാനായി നടത്താനിരുന്ന സന്ദർശന പരിപാടികൾ താൽക്കാലികമായി മാറ്റിവെച്ചു.
ഇതനുസരിച്ച് നാളെ (വെള്ളി) മദീനയിൽ നടത്താനിരുന്ന സന്ദർശനവും മാറ്റിവെച്ചു. നിയന്ത്രണങ്ങൾ നീക്കുന്നതിനനുസരിച്ച് സന്ദർശന ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ജിദ്ദ ഹായിൽ സ്ട്രീറ്റിലുള്ള വി.എഫ്.എസ് കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ താൽക്കാലികമായി മുൻകൂട്ടി രജിസ്റ്റർ ചെയ്തു അപ്പോയ്ന്റ്മെന്റ് എടുക്കുന്നവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഫെബ്രുവരി ഏഴ് ഞായർ മുതൽ https://visa.vfsglobal.com/sau/en/ind/login എന്ന വെബ് ലിങ്ക് വഴി രജിസ്റ്റർ ചെയ്തു അപ്പോയ്ന്റ്മെന്റ് എടുത്ത് നിശ്ചിത സമയം കേന്ദ്രത്തിൽ എത്താവുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു.