ഇന്ത്യൻ കോൺസുലേറ്റ് സേവനം വീട്ടുപടിക്കലേക്ക്
text_fieldsഇന്ത്യൻ കോൺസുലേറ്റ് സേവനം വീട്ടുപടിക്കൽ പദ്ധതിയുടെ ഭാഗമായി പാസ്പോർട്ട് വിഭാഗം വൈസ്
കോൺസൽ ഹരിദാസ് ഖമീസ് മുശൈത്ത് വി.എഫ്.എസ് ഓഫിസിൽ എത്തിയപ്പോൾ
അബഹ: സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സേവനം വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ തുടക്കം. ഇതിെൻറ ഭാഗമായി കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാർ ഏജൻസിയായ വി.എഫ്.എസിെൻറ ഓഫിസ് സന്ദർശിച്ച് വിവിധ സേവനങ്ങൾ നൽകി. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ആരംഭിച്ച സേവനം സൗദിയുടെ അസീർ പ്രവിശ്യയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് പ്രയോജനപ്പെട്ടു. മുമ്പ് നിശ്ചയിച്ച പോലെ 30 പേർക്ക് ഓൺലൈനിലൂടെ അപ്പോയിൻമെൻറ് നൽകിയെങ്കിലും വിവിധ ആവശ്യങ്ങൾക്കുള്ള രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിന് കോൺസുലറെ സമീപിച്ച 57 പേരുടെ രേഖകൾ അറ്റസ്റ്റ് ചെയ്ത് നൽകി.
മതിയായ യാത്രരേഖകൾ ഇല്ലാത്തതിെൻറ പേരിൽ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമർജൻസി സർട്ടിഫിക്കറ്റിെൻറ അപേക്ഷകളും സ്വീകരിച്ചു. വൈസ് കോൺസൽ ഹരിദാസ്, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു.
അവിടെ 17 ഇന്ത്യക്കാരാണ് മടക്കയാത്ര കാത്ത് തടവുകാരായി കഴിയുന്നത്. അതിൽ പാസ്പോർട്ട് കൈവശമില്ലാത്ത 13 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി) നൽകി. അബഹയിൽനിന്നും വിമാനമാർഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യമായ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി വൈസ് കോൺസൽ ഹരിദാസ് ആദ്യമായാണ് അബഹ സന്ദർശിക്കുന്നത്. ജിദ്ദ കോൺസുലേറ്റിൽ സേവനം ആരംഭിച്ചിട്ട് മൂന്നുമാസമെ ആയുള്ളൂ.

