യോഗാ ദിനവും മാമ്പഴ മഹോത്സവവും ഒത്തുചേർന്നു; സവിശേഷ സംഗമം സംഘടിപ്പിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsവിവിധ ഇന്ത്യൻ മാമ്പഴങ്ങൾ കോൺസുൽ ജനറൽ അതിഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു
ജിദ്ദ: അന്താരാഷ്ട്ര യോഗാ ദിനാചരണവും ഇന്ത്യൻ മാമ്പഴക്കാലത്തിന്റെ മധുരവും കോർത്തിണക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 'ഇന്ത്യ: വെൽനസ് ആൻഡ് ഫ്ലവോഴ്സ്' എന്ന പേരിൽ സവിശേഷ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് ആരോഗ്യകരമായ ജീവിതശൈലിയുടെയും ഇന്ത്യയുടെ തനത് രുചികളുടെയും വേറിട്ടൊരു സങ്കലനമായി മാറി. ആഗോള യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക സെഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
'ആരോഗ്യകരമായ വാര്‍ധക്യം യോഗയിലൂടെ' എന്നതായിരുന്നു ഈ വർഷത്തെ യോഗാ ദിനത്തിന്റെ മുഖ്യ പ്രമേയം. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വളർത്തുക, ശാരീരിക, മാനസിക ഉന്മേഷം നിലനിർത്തുക, ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് യോഗാ ദിനാചരണത്തിലൂടെ ചടങ്ങിൽ ഉയർത്തിക്കാട്ടിയത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച 'ഇന്ത്യ: വെൽനസ് ആൻഡ് ഫ്ലവോഴ്സ്' സംഗമത്തിൽ സംബന്ധിച്ച അതിഥികൾ കോൺസൽ ജനറലിനോടൊപ്പം.
ഇന്ത്യയിൽ ഉത്ഭവിച്ച യോഗ ഇന്ന് ലോകമെമ്പാടുമുള്ള വിവിധ രാജ്യക്കാരുടെയും സംസ്കാരങ്ങളുടെയും എല്ലാ പ്രായക്കാരുടെയും ജീവിതത്തിൽ അവിഭാജ്യമായ ഒരു ആഗോള പരിശീലനമായി മാറിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു. കേവലം ദീർഘായുസ്സ് മാത്രമല്ല, മികച്ച ആരോഗ്യത്തോടും ചടുലതയോടും മാനസിക വ്യക്തതയോടും വൈകാരിക സന്തുലിതാവസ്ഥയോടും കൂടി ജീവിക്കുക എന്നതാണ് യോഗയുടെ യഥാർത്ഥ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിൽ യോഗയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സൗദി യോഗ കമ്മിറ്റി വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗയുമായി ബന്ധപ്പെട്ട പ്രത്യേക വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ ഇന്ത്യൻ മാമ്പഴങ്ങൾ കോൺസുൽ ജനറൽ അതിഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു
ചടങ്ങിന്റെ പ്രധാന ആകർഷണമായി മാറിയ 'ഇന്ത്യൻ മാംഗോ ട്രയൽ' അതിഥികൾക്ക് പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളിലൂടെയുള്ള ഒരു സ്വാദിഷ്ടമായ യാത്രയാണ് സമ്മാനിച്ചത്. ഇന്ത്യയുടെ ഉദ്യാനവിള പാരമ്പര്യത്തിന്റെ സമ്പന്നതയും വൈവിധ്യവും ആഗോള സ്വീകാര്യതയും വിളിച്ചോതുന്ന ഉത്തരേന്ത്യൻ ഇനങ്ങളായ ചൗസ, അമ്രപാലി, മല്ലിക തുടങ്ങിയ മികച്ചയിനം മാമ്പഴങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു.
മാമ്പഴം കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളുടെ വൻ നിരയാണ് മാംഗോ ട്രയലിൽ അതിഥികൾക്കായി ഒരുക്കിയിരുന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ തയ്യാറാക്കിയ മാംഗോ ലസ്സി, മാംഗോ ഫലൂദ, മാമ്പഴ സലാഡുകൾ എന്നിവ മുതൽ മാങ്ങാ അച്ചാർ, മാംഗോ ടാർട്ട്, പേസ്ട്രികൾ, അറബ് വിഭവമായ മാംഗോ കുനാഫ വരെയുള്ള വ്യത്യസ്തവും സ്വാദിഷ്ടവുമായ പലഹാരങ്ങളും വിഭവങ്ങളും ചടങ്ങിൽ വിളമ്പി.
പരിപാടിയോടനുബന്ധിച്ചു നടന്ന യോഗ പരിശീലനം
അതുല്യ അബീഷ് അവതരിപ്പിച്ച 'നാട്യയോഗ' കാണികൾക്ക് മികച്ച ദൃശ്യാനുഭവമായി. യോഗാ ദിനാചരണം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ തുടക്കക്കാർക്കായി പ്രത്യേക ഇൻഡോർ ഹാളിൽ യോഗാ ക്ലാസുകളും ഒരുക്കിയിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഇതിൽ പങ്കാളികളായത്. യോഗയിലൂടെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പരിപാടിക്ക് സാധിച്ചു.
ചടങ്ങിൽ സൗദി കാർഷിക മന്ത്രാലയത്തിലെയും വാർത്താവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ കോൺസുൽ ജനറൽമാർ, ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഇന്ത്യയുടെ സമഗ്രമായ ആരോഗ്യ പാരമ്പര്യം, സുസ്ഥിര ജീവിതരീതി, പാചക വൈവിധ്യം, മികച്ച കാർഷിക സംസ്കാരം എന്നിവ ഒത്തുചേർന്ന വലിയൊരു ആഘോഷമായി പരിപാടി മാറി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാനും, ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക, വ്യാപാര മേഖലകളിലെ സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനുമുള്ള മികച്ച അവസരങ്ങളെ ചർച്ച ചെയ്യുന്നതുകൂടിയായിരുന്നു ഉന്നതതല സംഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

