ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക്, ഡ്രൈവർ, മെസഞ്ചർ ഒഴിവുകൾ
text_fieldsജിദ്ദ: ഇന്ത്യൻ കോൺസുലേറ്റ് ഓഫിസിൽ ലോക്കൽ ക്ലർക്ക്, ഡ്രൈവർ (ചൗഫർ), മെസഞ്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം ആറ് ഒഴിവുകളാണുള്ളത്. ഇതിൽ മൂന്ന് ക്ലർക്ക് (പ്രോട്ടോകോൾ, മീഡിയ ആൻഡ് കൾചർ, ഐ.ടി വിഭാഗങ്ങളിൽ ഓരോന്ന് വീതം), ഒരു ഡ്രൈവർ, രണ്ട് മെസഞ്ചർ എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും സൗദി പൗരന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് സാധുവായ ഇഖാമയോ നാഷനൽ ഐ.ഡിയോ ഉണ്ടായിരിക്കണം.
ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ യോഗ്യതകളും ശമ്പളവുമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ലർക്ക് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാൽ ഐ.ടി ക്ലർക്ക് തസ്തികയിലേക്ക് ബി.ടെക്/ബി.ഇ (ഐടി/സി.എസ്) അല്ലെങ്കിൽ എം.സി.എ ബിരുദം നിർബന്ധമാണ്. ഡ്രൈവർ, മെസഞ്ചർ തസ്തികകളിലേക്ക് പത്താം ക്ലാസ് പാസായിരിക്കണം. ക്ലർക്കിന് 4,000 റിയാലും, ഡ്രൈവർക്ക് 3,200 റിയാലും, മെസഞ്ചർക്ക് 2,400 റിയാലുമാണ് പ്രാരംഭ ശമ്പളം. അപേക്ഷകർ 2025 ജനുവരി ഒന്നിന് 20 വയസ്സ് തികഞ്ഞവരും 45 വയസ്സിൽ താഴെ പ്രായമുള്ളവരും ആയിരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്ലർക്ക് തസ്തികയിലേക്ക് എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും ടൈപ്പിങ് ടെസ്റ്റും ഉണ്ടായിരിക്കും. ഡ്രൈവർ തസ്തികയിലേക്ക് ഡ്രൈവിങ് ടെസ്റ്റും അഭിമുഖവുമാണ് നടത്തുക. മെസഞ്ചർ തസ്തികയിലേക്ക് അപേക്ഷകരുടെ യോഗ്യത പരിശോധിച്ച ശേഷം നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും നിയമനം. താൽപര്യമുള്ളവർക്ക് www.cgijeddah.gov.in എന്ന കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഓഫിസിൽ നേരിട്ടോ അല്ലെങ്കിൽ admin.jeddah@mea.gov.in ഇ-മെയിൽ വിലാസത്തിലോ അയക്കാം. ഇ-മെയിൽ വഴി അപേക്ഷിക്കുന്നവർ എല്ലാ രേഖകളും ഉൾപ്പെടുത്തി ഒരൊറ്റ പി.ഡി.എഫ് ഫയലായി വേണം അയക്കാൻ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നാളെ (2026 ജനുവരി അഞ്ച്, തിങ്കൾ) വൈകീട്ട് അഞ്ച് ആണ്. പരീക്ഷ തീയതിയും അഭിമുഖ സമയവും പിന്നീട് അറിയിക്കുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

