സൗദിയിൽ ഇലക്ട്രിക് കാർ ഫാക്ടറിയുമായി ഇന്ത്യൻ കമ്പനി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കമ്പനി രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ നിർമിക്കുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്ത പദ്ധതിയാണ് ഇതെന്ന് ഇന്ത്യൻ ഇലക്ട്രിക് കാർ നിർമാതാക്കളായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി അധികൃതർ വ്യക്തമാക്കി. ഒന്ന് വാഹന അസംബ്ലി പ്ലാന്റും മറ്റൊന്ന് ഇലക്ട്രിക് കാർ സെല്ലുകൾക്കായുള്ള പ്ലാന്റുമാണ്.
ഇവ രണ്ടും സ്ഥാപിക്കുന്നതിന് ക്ഷണിച്ചുകൊണ്ട് സൗദി അധികൃതരിൽനിന്ന് കത്ത് ലഭിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഇരുചക്ര, മുച്ചക്ര, നാല് ചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ അസംബ്ലി പ്ലാന്റ് ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയിൽ ഇലക്ട്രിക് ബസുകളുടെ ഉൽപാദനം കൂടി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി കമ്പനി പറഞ്ഞു.
അതേസമയം, സംയുക്ത പദ്ധതിയുടെ മുതൽമുടക്ക് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ നിക്ഷേപത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ നിലവിൽ സൗദി നടത്തുന്ന ശ്രമങ്ങളുടെ വെളിച്ചത്തിലാണ് പുതിയ രണ്ട് ഇലക്ട്രിക് കാർ കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
അതോടൊപ്പം കാർബൺ ഉദ്വമനം കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ലോജിസ്റ്റിക്കൽ ലൊക്കേഷൻ, ഊർജത്തിലെ മത്സരശേഷി, മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന ഘടകങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ ഘടകങ്ങൾ അന്താരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ആഗോള നിക്ഷേപ കേന്ദ്രമാകാൻ സൗദിയെ യോഗ്യമാക്കുകയാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

