‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്‌മെന്റ് കണക്ട്’ പരിപാടി നാളെ ജിദ്ദയിൽ
text_fieldsജിദ്ദ: ഇന്ത്യ-സൗദി അറേബ്യ വാണിജ്യ, സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്‌മെന്റ് കണക്ട്’ പരിപാടി നാളെ ജിദ്ദയിൽ നടക്കും.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ പാർക്ക് ഹയാത്ത് ഹോട്ടലിലെ ലാസുർഡെ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധ പ്രഭാഷണങ്ങളും ആഴത്തിലുള്ള അവതരണങ്ങളും ഉണ്ടായിരിക്കും. ഇന്ത്യൻ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ഇന്ത്യയിലെ പ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങൾ, ഇന്ത്യയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരവും നിയന്ത്രണപരവുമായ നടപടിക്രമങ്ങൾ, ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റി (ഗിഫ്റ്റ്) പ്രോത്സാഹനങ്ങൾ, ഇന്ത്യൻ സ്റ്റാർട്ട്അപ്പ് വ്യവസ്ഥകൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കും. വിദഗ്ധ പ്രഭാഷണങ്ങൾക്ക് പുറമേ, 'ഇന്ത്യയിൽ നിക്ഷേപത്തിന്റെ മെക്കാനിക്സ്' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും. ഇന്ത്യയില്‍ നിക്ഷേപം നടത്തി വിജയിച്ച സൗദി ബിസിനസ്സുകാരുടെ അനുഭവം പങ്കുവെക്കൽ സെഷനും ഉണ്ടായിരിക്കും. ഇന്ത്യയിൽ നിന്നുള്ള വിവിധ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കാനുള്ള അവസരവും പരിപാടിയിൽ ഉണ്ടായിരിക്കും.
ഇന്ത്യയുടെ ബിസിനസ്, നിക്ഷേപ മേഖലയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതിലൂടെയും, ഇന്ത്യയിലെ ഇതുവരെ ഉപയോഗിക്കാത്ത വ്യാപാര, നിക്ഷേപ വഴികളുടെ വലിയ അവസരങ്ങളെക്കുറിച്ചുള്ള സൂചനകൾ പങ്കുവെക്കുന്നതിലൂടെയും, ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും നിക്ഷേപകർക്കും പരസ്പര വളർച്ചയ്ക്കായി പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു വേദിയായി ‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്‌മെന്റ് കണക്ട്’ പരിപാടി മാറും. സൗദിയിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, സൗദിയിൽ നിന്നുള്ള പ്രധാന ബിസിനസുകാർ, നിക്ഷേപകർ, പ്രതിനിധികൾ തുടങ്ങിയവർ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന വ്യാപാര, നിക്ഷേപ പ്രോത്സാഹന സംരംഭമായ ‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്‌മെന്റ് കണക്ട്’ പരിപാടിയിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

