ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവി’ന് വർണാഭ തുടക്കം
text_fieldsസൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ഉൽപ്പന്നങ്ങളും സമന്വയിപ്പിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുൽ നാട മുറിച്ചും ലോഗോ പ്രകാശനം ചെയ്തുമാണ് ഉദ്ഘാടനം നിർവഹിച്ചത്. ലുലു സൗദി കൊമേഴ്സ്യൽ ഡയറക്ടർ നെമിൽ നസീർ, മാനേജ്മെൻറ് പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ നൃത്തരൂപങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി.
സൗദിയിലുടനീളമുള്ള ലുലു ഔട്ട്ലെറ്റുകളിൽ ഇന്ത്യയിൽനിന്നുള്ള പഴം-പച്ചക്കറി പവലിയൻ, തനത് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഹോം ഫർണിഷിങ്, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം ഉൽപ്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മന്ത്ര, ആഹാ, ഫാനി, ഫെയർ, ലാസ്സ, മാമാഎർത്ത് തുടങ്ങിയ 30 പ്രമുഖ ബ്രാൻഡുകളിൽനിന്നുള്ള നൂറിലധികം പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചും ഇതോടൊപ്പം നടന്നു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യബന്ധവും ജനങ്ങൾ തമ്മിലുള്ള സഹകരണവും വർധിച്ചുവരികയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യൻ സമൂഹം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അംബാസഡർ വിപുൽ പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളെ ഒന്നിപ്പിക്കാൻ മുൻകൈയെടുക്കുന്ന ലുലു മാനേജ്മെൻറിനെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ആഗസ്റ്റ് 18 വരെ ഇന്ത്യ ഉത്സവിലെ എക്സിബിഷനുകളും ഓഫറുകളും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

