ഇന്ത്യ ഫെസ്റ്റ്; വിനോദിന്റെ വരയും സിദ്ദീഖിന്റെ ചർക്കയും പിന്നെ ‘ഹിന്ദി’കളുടെ കല്യാണഹാരങ്ങളും
text_fieldsഇന്ത്യൻ പൂക്കളുടെ സ്റ്റാളിൽ സ്വദേശി ദമ്പതികൾ ഹാരമണിഞ്ഞ് ഫോട്ടോക്ക്
പോസ് ചെയ്യുന്നു
ദമ്മാം: അൽഖോബാർ ഇസ്കാൻ പാർക്കിൽ നാലു ദിവസം നീണ്ടുനിന്ന ഇന്ത്യാ ഫെസ്റ്റ് അവസാനിക്കുമ്പോൾ അവിസ്മരണീയമായ കാഴ്ചാനുഭവങ്ങളുടെ ഓർമകളുമായാണ് ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിവിധ രാജ്യക്കാർ മടങ്ങിയത്. പ്രവേശന കവാടത്തിൽ തന്നെ തലയെടുപ്പോടെ നിന്ന ആനയും കടുവയുമൊക്കെയാണ് സന്ദർശകരെ എതിരേറ്റത്. ഇന്ത്യയുടെ പാരമ്പര്യ കലകളും ചായങ്ങളും വർണങ്ങളും വിവിധ രാജ്യക്കാർക്ക് കൗതുകം പകരുന്നതായിരുന്നു.
പ്രവിശ്യയിലെ മികച്ച ശിൽപിയും ചിത്രകാരനുമായ മലയാളി വിനോദ് കുഞ്ഞിന്റെ തത്സമയ ചിത്രംവര ഏറെപ്പേരെ ആകർഷിച്ച ഒന്നായിരുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരുടെ ചിത്രങ്ങളാണ് വിനോദ് വരച്ചത്. അവരുടെ വേഷവിധാനങ്ങൾ രാജക്കന്മാരുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ചിത്രങ്ങൾ കണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന സ്വദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് ഇന്ത്യയിലെ കർഷിക സമൃദ്ധിയുടെ സുവർണകാലങ്ങളെക്കുറിച്ച് വിനോദ് വിശദീകരിച്ചുകൊണ്ടിരുന്നു. കൂജകളിലും കുടങ്ങളിലും ചെയ്ത ചിത്രവേലകളും ആളുകളെ ഏറെ ആകർഷിച്ചു.
വിനോദ് കുഞ്ഞ് വരച്ച കർഷകന്റെ ചിത്രം ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥക്ക് സമ്മാനിക്കുന്നു, ഇന്ത്യാ ഫെസ്റ്റ് സ്റ്റാളിൽ ചർക്ക തിരിക്കുന്ന സിദ്ദീഖ്
സൗദിയിൽ അരങ്ങേറിയ പ്രഫഷനൽ നാടകങ്ങൾക്ക് ഉൾപ്പെടെ രംഗപടം ചെയ്തിട്ടുള്ള വിനോദ് ശാസ്താംകോട്ട സ്വദേശിയാണ്. ഇന്ത്യയുടെ ഹൃദയതാളം പോലെ തിരിഞ്ഞ ഗാന്ധിയുടെ ചർക്കയുമായണ് പ്രവിശ്യയിലെ കലാകാരനും ആലുവ സ്വദേശിയുമായ സിദ്ധീഖ് എത്തിയത്. സൈക്കിൾ വീലും റബ്ബർ ബാന്റുകളും ചേർത്ത് സിദ്ധീഖ് ഉണ്ടാക്കിയ ചർക്ക വിദേശി സന്ദർശകർക്ക് ഏറെ കൗതുകം പകരുന്നതായി.
ഏകദേശം ഗാന്ധിജിയുടെ വേഷം ധരിച്ചെത്തിയ സിദ്ദീഖിന്റെ ചർക്ക തിരിക്കൽ കാണാൻ ആളുകൾ കൂട്ടംകൂടി നിന്നു. അവരുടെ മുന്നിൽ ഗാന്ധി തിരിച്ച ചർക്കയുടേയും ഖദറിന്റെയും ഖാദിയുടേയും കഥ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു സിദ്ദീഖ്. മൂന്നര പതിറ്റാണ്ടിലധികമായി പ്രവാസം തുടരുന്ന സിദ്ധീഖ് നിരവധി എക്സിബിഷനുകളിൽ വിസ്മയക്കാഴ്ചകൾ ഒരുക്കിയ കലാകാരനാണ്.
ഇന്ത്യയിലെ പൂക്കളെ പരിചയപ്പെടുത്താൻ ഒരുക്കിയ സ്റ്റാളുകളിൽ ദമ്പതിമാർ പരസ്പരം മാലചാർത്തി ഫോട്ടോക്ക് പോസ് ചെയ്തു. സ്വദേശികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു കൗതുക കാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

