Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഗൾഫ് മേഖലയിലെ...

‘ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ ഇന്ത്യക്ക് അവഗണിക്കാനാവില്ല’ -ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ

text_fields
bookmark_border
‘ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ ഇന്ത്യക്ക് അവഗണിക്കാനാവില്ല’ -ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ
cancel
camera_alt

അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ

ദമ്മാം: ഗൾഫ് മേഖലയിലുണ്ടാകുന്ന സുരക്ഷാ പ്രതിസന്ധികൾ ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പ്രസ്താവിച്ചു. സൗദിയിലെ പ്രമുഖ മാധ്യമമായ അറബ്​ ന്യൂസിന്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

ഇന്ത്യയുടെ ഏറ്റവും ശക്തമായ അയൽപക്കമാണ് ഗൾഫ് മേഖലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലെ 27 ലക്ഷം പേരുൾപ്പെടെ മിഡിൽ ഈസ്​റ്റിലുടനീളം ഏകദേശം ഒരു കോടി ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നുണ്ട്. അതിനാൽ ഈ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ഗൾഫ് രാജ്യങ്ങളെയാണ് രാജ്യം ഇന്ധനങ്ങൾക്കും വളങ്ങൾക്കുമായി പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലുണ്ടാകുന്ന ഏത് ചലനവും ഇന്ത്യക്ക് അതീവ പ്രാധാന്യമുള്ളതാണ്.

ശക്തമായ നയതന്ത്ര ബന്ധം

സമീപകാല പ്രതിസന്ധികളിലുടനീളം ഇന്ത്യ-സൗദി നേതാക്കൾ തമ്മിലുള്ള നയതന്ത്ര ആശയവിനിമയം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു. സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ രണ്ട് തവണ ടെലിഫോണിൽ സംസാരിക്കുകയും, ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പതിവായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയ്ക്കും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ആവർത്തിച്ച് അപലപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം തന്നെ, സമാധാന ചർച്ചകൾക്കും സംഘർഷ ലഘൂകരണത്തിനുമുള്ള ദീർഘകാല ആഹ്വാനം ഇന്ത്യ നിലനിർത്തുന്നു.

ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. ഹുർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നിടേണ്ടതുണ്ട്. സ്വതന്ത്രമായ സമുദ്ര ഗതാഗതവും വ്യാപാര പാതകളും ഇരുരാജ്യങ്ങൾക്കും മാത്രമല്ല, ലോകത്തിനാകെ അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദ്ര സുരക്ഷയും ഭീഷണികളും

ഗൾഫ് സമുദ്രത്തിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടിയന്തര ശ്രദ്ധ അർഹിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണെന്ന് അംബാസഡർ പറഞ്ഞു. ഒമാൻ തീരത്തിനടുത്തുള്ള വാണിജ്യ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികരുടെ ജീവൻ ഗൾഫ് സംഘർഷത്തിനിടയിൽ ഇതിനകം നഷ്​ടമായിട്ടുണ്ട്.

ഇത് സമുദ്ര സുരക്ഷയെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. കപ്പൽ പാതകൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നത് നിർഭാഗ്യകരമാണ്.

സമീപകാല സംഭവവികാസങ്ങളെ ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചർച്ചകളും നയതന്ത്രവും മാത്രമാണ് ഇതിനുള്ള ഏക പ്രായോഗിക മാർഗമെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സമുദ്ര സുരക്ഷ പ്രധാന ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് അജിത് ഡോവൽ റിയാദ് സന്ദർശിച്ച വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ കൂടിയാലോചനകൾ നടത്തിയിരുന്നു.

കൂടാതെ, ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ യാംബു തുറമുഖത്തി​െൻറ സജീവ ഉപയോഗം സഹായിച്ചിട്ടുണ്ടെന്നും, ഇതുവഴി വിതരണ ശൃംഖലയിലെ ആഘാതം ലഘൂകരിക്കാൻ സാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദിയുടെ സഹായത്തിന് നന്ദി

പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സൗദി അറേബ്യ നൽകിയ പിന്തുണയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സംഘർഷ സമയത്തും സൗദി വ്യോമാതിർത്തി തുറന്നിട്ടത് വലിയ ആശ്വാസമായി. അയൽ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി സൗദി അധികൃതർ ഏകദേശം 15,000 ട്രാൻസിറ്റ് വിസകളാണ് അനുവദിച്ചത്. സൗദിയിൽ നിന്നുള്ളവർക്ക് മാത്രമല്ല, മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്കും സുരക്ഷിതമായി മടങ്ങാൻ സൗദിയുടെ സഹായം ലഭ്യമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ആവശ്യമായ രാഷ്ട്രീയ ഊർജ്ജം നൽകിയത്. സൗദി കിരീടാവകാശിക്ക് ഇന്ത്യയോടും അവിടുത്തെ ജനങ്ങളോടും വലിയ ബഹുമാനമാണുള്ളത്.

2023-ലെ ഇന്ത്യ സന്ദർശന വേളയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഇതിന് അടിവരയിടുന്നതാണ്. ത​െൻറ മൂന്ന് വർഷത്തെ സൗദിയിലെ സേവനകാലയളവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ 30-ഓളം മന്ത്രിതല സന്ദർശനങ്ങൾ നടന്നതായും അദ്ദേഹം ഓർമിപ്പിച്ചു.

വളരുന്ന സാമ്പത്തിക പങ്കാളിത്തം

രാഷ്​ട്രീയ ബന്ധങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തമായി വളരുകയാണ്. നിലവിൽ ഉഭയകക്ഷി വ്യാപാരം 42 ബില്യൺ ഡോളർ കവിഞ്ഞു. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ദ്രുതഗതിയിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നത്. സൗദിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം 490-ൽ നിന്നും 5,000 ആയി കുതിച്ചുയർന്നു.

സൗദി ഊർജ്ജ ഭീമനായ അരാംകോയും ഇന്ത്യൻ കമ്പനികളും സംയുക്തമായി ആരംഭിക്കുന്ന രണ്ട് എണ്ണ ശുദ്ധീകരണശാലകൾക്കായുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ്.

ഇന്ത്യൻ സമൂഹം സൗദിയിൽ തികച്ചും സുരക്ഷിതരും ബഹുമാനിക്കപ്പെടുന്നവരുമാണ്. അവർ പ്രാദേശിക സമൂഹവുമായി മികച്ച രീതിയിൽ ഇടപഴകുന്നു. തങ്ങളുടെ ഭക്ഷണം, സിനിമ, കച്ചവടം, ദൈനംദിന ഇടപെടലുകൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ദൃഢമാക്കുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് വലുതാണ്. ഇന്ത്യക്കും സൗദിക്കുമിടയിലെ യഥാർത്ഥ ‘ജീവനുള്ള പാലം’ പ്രവാസികളാണെന്നും ഡോ. സുഹേൽ അജാസ് ഖാൻ കൂട്ടിച്ചേർത്തു.

സൗദിയിൽ കാലാവധി പൂർത്തിയാക്കിയ ഡോ. സുഹേൽ അജാസ്​ ഖാൻ ഉടൻ ന്യൂ ഡെൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക്​ മടങ്ങും. ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആയിരിക്കും സൗദിയിലെ പുതിയ നയതന്ത്ര പ്രതിനിധി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssaudhi arabiaGulf regionAmbassador Dr. Suhail Ajaz KhanWest Asia Conflict
News Summary - India cannot ignore tensions in the Gulf region: Ambassador Dr. Suhail Ajaz Khan
Next Story