തനിമ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fields1. തനിമ ഹാഇലിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ റഹ്മത്തെ ഇലാഹി നദ്വി മുഖ്യ പ്രഭാഷണം നടത്തുന്നു 2. കുട്ടികൾ അവതരിപ്പിച്ച തീം സ്റ്റേജ് ഷോ
ഹാഇൽ: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി തനിമ ഹാഇൽ ഘടകം വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡന്റ് റഷീദ് വാഴക്കാട് അധ്യക്ഷതവഹിച്ചു. തനിമ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി നദ്വി മുഖ്യപ്രഭാഷണം നടത്തി.
ജർമൻ നാസിസത്തിന്റെ മാതൃക സ്വീകരിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും നാടിന്റെ വൈവിധ്യങ്ങളുമെല്ലാം നിരാകരിക്കുന്നവർ ഭരണം കൈയാളുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം നടപ്പിലാവുകയെന്നും ഭൂമിയും ഭക്ഷണവുമില്ലാതെ ഒരു വിഭാഗം ശ്വാസം മുട്ടുമ്പോൾ ശതകോടീശ്വരന്മാർ വർധിച്ചുവരുന്നതാണോ സ്വാതന്ത്ര്യമെന്നും അദ്ദേഹം ചോദിച്ചു.
'കവർന്നെടുക്കപ്പെടുന്ന സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ചർച്ച സംഗമത്തിൽ അബ്ദുൽസലാം മദീനി (ഹായിൽ ജാലിയാത്ത് മലയാളം വിഭാഗം മേധാവി), ബാപ്പു എസ്റ്റേറ്റ്മുക്ക് (കെ.എം.സി.സി), അബ്ദുൽ നാസർ ദാരിമി (എസ്.ഐ.സി), ബഷീർ മാള (ഹബീബ് മെഡിക്കൽ സെന്റർ) എന്നിവർ സംസാരിച്ചു. നിസാം പറക്കോട്, റജീഷ് ഇരിട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികൾക്കായി ക്വിസ്, ഡ്രോയിങ്, ഗാനം, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയത്തിൽ സ്റ്റേജ് ഷോ നടന്നു. ഹാഇൽ ഗായക സംഘത്തിന്റെ സംഗീതവിരുന്ന് പരിപാടിക്ക് മാറ്റു കൂട്ടി. വിജയികൾക്കുള്ള സമ്മാന ദാനം അതിഥികൾ നിർവഹിച്ചു. ഷംനാജ് കൊല്ലം 'ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു. ഹാഷിം ഹനീഫ് സ്വാഗതവും നവാസ് ചിറയിൻകീഴ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

