കോവിഡ് കേസുകളിൽ വർധനവ്; സൗദിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ലോക രാജ്യങ്ങളിൽ കോവിഡ് വൈറസ് രണ്ടാം തവണയും പൊട്ടിപ്പുറപ്പെടുന്നതും പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലിയ ഹാളുകളിലും വിവാഹ മാളുകളിലും റെസ്റ്റാറന്റുകളിലും വില്ലകളിലും റെസ്റ്റ് ഹൗസുകളിലും ക്യാമ്പുകളിലുമൊക്കെയായി നടക്കുന്ന വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഇവന്‍റുകളും പാർട്ടികളും 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചെറിയ കൂടിച്ചേരലുകൾ ആവാം. പക്ഷെ അത്തരം പരിപാടികളിൽ 20 ൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. എല്ലാ വിനോദ, ഉല്ലാസ, കായിക, ഗെയിംസ് പ്രവർത്തനങ്ങളും ഇവന്റുകളും നിർത്തി. സിനിമാശാലകൾ, റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ പാടില്ല.
റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ ഡൈനിംഗ് സേവനങ്ങൾ നിർത്തി പാർസൽ മാത്രമാക്കി. നിയന്ത്രണങ്ങളും മുൻകരുതലുകളും ജനങ്ങളും സ്ഥാപനങ്ങളും നടപ്പിലാക്കുന്നത് പരിശോധിക്കാൻ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ഉദ്യോഗസ്ഥർ നിരീക്ഷണങ്ങൾ കർശനമാക്കും. സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം നിർബന്ധമായും നടപ്പാക്കണം. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനം ആദ്യ ഘട്ടത്തിൽ 24 മണിക്കൂറും രണ്ടാമത് ആവർത്തിച്ചാൽ 48 മണിക്കൂറും മൂന്നാം തവണ ആവർത്തിച്ചാൽ ഒരാഴ്ചയും നാലാം തവണയും ലംഘനം തുടർന്നാൽ ഒരു മാസവും അടച്ചിടേണ്ടിവരും.
ഖബറടക്ക ചടങ്ങുകളിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതിനായി മുഴുസമയവും ഖബറടക്കത്തിനും ആളുകൾക്ക് നമസ്കരിക്കാനും സൗകര്യമൊരുക്കുക. ജനാസ നമസ്കാരത്തിന് കൃത്യമായ സ്ഥലം വേർതിരിക്കുക. ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോൾ ഇരു ഖബറുകൾ തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവ കൃത്യമായി ഉറപ്പുവരുത്താൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയങ്ങളുടെ ഫീൽഡ് മോണിറ്ററിംഗ് ടീമുകളെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

