നാളെയുടെ പുലരിയിൽ കഅബ പുതിയ കിസ്‌വ അണിയും
text_fieldsമക്ക: കഅബ മന്ദിരം പുതിയ പട്ടുടുപ്പ് (കിസ്‌വ) അണിയാൻ ഒരുങ്ങുന്നു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിെൻറ പുലരിയിലാണ് ചരിത്രപ്രധാനമായ ഈ വാർഷിക കിസ്‌വ മാറ്റൽ ചടങ്ങ് നടക്കുക. മസ്ജിദുൽ ഹറാമിൽ മുഹറം ഒന്നായ ചൊവ്വാഴ്ച നടക്കുന്ന ഈ മഹത്തായ ചടങ്ങിനുള്ള വിപുലമായ ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
ഇരു ഹറമുകളുടേയും മേൽനോട്ടത്തിൽ സൗദി ഭരണകൂടം നൽകുന്ന സമാനതകളില്ലാത്ത പരിചരണത്തിെൻറയും, പരമ്പരാഗത വൈദഗ്ധ്യത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ സമന്വയിപ്പിച്ചിരിക്കുന്നു എന്നതിെൻറയും മികച്ച ഉദാഹരണമാണ് ഈ ചടങ്ങ്. മക്കയിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ഫോർ ദ കഅബ കിസ്‌വയിൽ പുതിയ വസ്ത്രത്തിെൻറ നിർമ്മാണവുമായി ബന്ധപ്പെട്ട അവസാന ഘട്ട മിനുക്കുപണികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പ്രകൃതിദത്തമായ ശുദ്ധമായ പട്ടുനൂലിൽ നെയ്തെടുക്കുന്ന കിസ്‌വയിൽ സ്വർണ്ണ, വെള്ളി നൂലുകൾ ഉപയോഗിച്ചാണ് മനോഹരമായ കാലിഗ്രാഫിയും ഇസ്ലാമിക ഡിസൈനുകളും രൂപകൽപ്പന ചെയ്യുന്നത്. വസ്ത്രത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഖുർആൻ സൂക്തങ്ങളും അലങ്കാരങ്ങളും ഇതിനോടകം തന്നെ അവസാനവട്ട പരിശോധനയ്ക്ക് വിധേയമാക്കി കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
കിസ്‌വ കൂട്ടിയോജിപ്പിക്കുന്ന സങ്കീർണ്ണമായ പ്രക്രിയകളെക്കുറിച്ച് കിസ്‌വ അസംബ്ലിങ് ആന്റ് സൂയിങ് വിഭാഗം മേധാവി സ്വലാഹ് അൽ സുലാമി വിശദീകരിച്ചു. വെളുത്ത കോട്ടൺ തുണികൊണ്ടുണ്ടാക്കിയ ഉൾവശത്തെ ലൈനിങ് സ്വീകരിക്കുന്നതോടെയാണ് ഈ നിർമ്മാണ പ്രക്രിയ ആരംഭിക്കുന്നത്. കഅബയുടെ നാല് ഭാഗങ്ങൾക്കുമായി ഈ ലൈനിങ് പ്രത്യേകം തയ്യാറാക്കുന്നു. തുടർന്ന് ഇസ്ലാമിക വാക്യങ്ങളും അലങ്കാരങ്ങളും കൃത്യമായ ക്രമത്തിൽ നെയ്തെടുത്ത പട്ടുതുണിയിലേക്ക് (സിൽക്ക്) ഈ ലൈനിങ് ഘടിപ്പിക്കും.
കിസ്‌വയുടെ ഓരോ ഭാഗവും ഏകദേശം 14 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള പട്ടുതുണികളാലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ കൃത്യമായ ജ്യാമിതീയ ക്രമത്തിൽ ഈ ഭാഗങ്ങൾ പരസ്പരം കൂട്ടിച്ചേർക്കുന്നു. 'കിനാർ' പ്രക്രിയയിലൂടെയും പ്രത്യേക തയ്യൽ രീതികളിലൂടെയുമാണ് ഇവ ഉൾവശത്തെ ലൈനിങ്ങുമായി ഉറപ്പിക്കുന്നത്.
കിസ്‌വ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ തയ്യൽ മെഷീനുകളിലൊന്നിലാണ് ഈ നിർണായക ഘട്ടം പൂർത്തിയാകുന്നത് എന്നത് സൗദി അറേബ്യയുടെ സാങ്കേതിക മികവിൻ്റെ തെളിവാണ്. സൂചികളുടേയും നൂലുകളുടേയും സഞ്ചാരം കൃത്യമായി നിർണ്ണയിക്കാൻ ഏറ്റവും പുതിയ ലേസർ കൺട്രോൾ സംവിധാനമാണ് ഈ മെഷീനിൽ ഉപയോഗിക്കുന്നത്. കിസ്‌വയുടെ വിവിധ ഭാഗങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകേണ്ട കൃത്യതയും നേർരേഖയും പരമാവധി ഉറപ്പുവരുത്താൻ ഈ അത്യാധുനിക സാങ്കേതികവിദ്യ സഹായിക്കുന്നു. ആദ്യത്തെ നൂൽ നെയ്യുന്നത് മുതൽ ഈ മെഷീനിലെ തയ്യൽ വരെയുള്ള കിസ്‌വയുടെ നിർമ്മാണ യാത്ര, തലമുറകളായി കൈമാറിവന്ന സൗദി അറേബ്യയുടെ പരമ്പരാഗത വൈദഗ്ധ്യത്തിെൻറ കഥയാണ് വിളിച്ചോതുന്നത്.
കിസ്‌വ മാറ്റിവെക്കുന്ന ചടങ്ങിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പ് തന്നെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ വൻ ഒരുക്കങ്ങളാണ് നടന്നു വന്നിരുന്നത്. നിലവിൽ മസ്ജിദുൽ ഹറാമിനുള്ളിൽ ഫീൽഡ് തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. പുതിയ കിസ്‌വയുടെ ഭാഗങ്ങൾ ചടങ്ങ് നടക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
ദശകങ്ങളായി ഈ രംഗത്ത് മികച്ച പരിചരസമ്പത്തുള്ള സൗദിയിലെ വിദഗ്ധരായ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഈ വിശുദ്ധ ദൗത്യം നിർവ്വഹിക്കുന്നത്. ചടങ്ങുകൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുഗമമായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ സംഘടനാപരവും സാങ്കേതികവുമായ ക്രമീകരണങ്ങളും പൂർത്തിയായതായി മക്കയിൽ നിന്നുള്ള റിപോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

