ദുബൈയിൽ കുടുങ്ങിയവർക്കുവേണ്ടി സൗദി കെ.എം.സി.സി രംഗത്ത്
text_fieldsറിയാദ്: സൗദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര, കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖേന കേന്ദ്ര വിദേശകാര്യമന്ത്രി, സഹമന്ത്രി എന്നിവർക്ക് കത്തയച്ചു. കൂടാതെ മുഖ്യമന്ത്രി, നോർക്ക സി.ഇ.ഒ എന്നിവർക്കും അടിയന്തര സന്ദേശമയച്ചു.
ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് എന്നിവർക്കും കത്തയച്ചതായി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രിയുമായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി നേരിൽ കണ്ട് ചർച്ച നടത്തും. ഈ വിഷയം പഠിച്ച് ഗൗരവപൂർവം ഇടപെടുമെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു. കോവിഡ് മുൻകരുതലിെൻറ ഭാഗമായി സൗദി അറേബ്യ ഇന്ത്യ, യു.എ.ഇ ഉൾപ്പടെ 20 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഫെബ്രുവരി മൂന്നുമുതൽ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താൽക്കാലികമെന്നു പറയുന്നുവെങ്കിലും സമയപരിധിയില്ലാത്ത യാത്രാവിലക്ക് ആയതിനാൽ ഇത് എത്രദിവസം നീളുമെന്ന കാര്യത്തിൽ ധാരണയില്ല.
ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തിൽ ദുബൈ വഴി സൗദിയിലെത്താൻ യാത്രതിരിച്ച കുടുംബങ്ങളടക്കം നൂറുകണക്കിന് പ്രവാസികളാണ് ഇതോടെ ദുബൈയിൽ കുടുങ്ങിയത്. പാക്കേജ് കഴിയുന്നതോടെ പെരുവഴിയിലാകുന്ന ഇവരുടെ താമസ, ഭക്ഷണ, ചികിത്സ കാര്യത്തിൽ ആവശ്യമായത് ഉടൻ ചെയ്യണമെന്നാണ് കെ.എം.സി.സി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയിലേക്കുള്ള വഴിയിൽ അപ്രതീക്ഷിത യാത്രാവിലക്കിൽപെട്ട് ദുരിതത്തിലായ ഇന്ത്യക്കാർക്ക് ദുബൈയിൽ സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സർക്കാറിെൻറയും നോർക്കയുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നും എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവർക്ക് ദുബൈയിൽ താൽക്കാലിക യാത്രാവിലക്ക് തീരുന്നതുവരെയുള്ള താമസവും മറ്റു സൗകര്യങ്ങളും ഏർപ്പാട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യു.എ.ഇയിൽ താമസിക്കാനുള്ള വിസിറ്റിങ് വിസയുടെ കാലാവധി തീരുന്നപക്ഷം സൗജന്യമായി നീട്ടിനൽകാനുള്ള നടപടിയുണ്ടാകണം. യാത്രാവിലക്ക് അനിശ്ചിതമായി തുടരുന്ന പക്ഷം ഇത്തരം യാത്രക്കാരെ ദുബൈയിൽനിന്ന് നാട്ടിലേക്ക് സൗജന്യമായി തിരിച്ചെത്തിക്കാനുള്ള നീക്കവുമുണ്ടാകണമെന്നുമാണ് കെ.എം.സി.സി ആവശ്യപ്പെടുന്നത്. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയുമായി അഷ്റഫ് വേങ്ങാട്ട്, ഷാജി ആലപ്പുഴ എന്നിവർ ബന്ധപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

