ജീസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്
text_fieldsജീസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തകർന്ന പലചരക്ക് കട
ജീസാൻ: ഇറാൻ പിന്തുണയോടെ ഹൂതികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജീസാനിൽ പതിച്ച് അഞ്ചു പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു. പരിക്കേറ്റവരിൽ മൂന്നുപേർ സ്വദേശികളും രണ്ടുപേർ യമനികളുമാണ്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ജനവാസ കേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു വീടുകൾ, പലചരക്ക് കട, മൂന്ന് കാറുകൾ എന്നിവ തകർന്നിട്ടുണ്ട്. ആഴ്ചകളായി ഹൂതികളുടെ ഭാഗത്തുനിന്ന് സൗദിയിലെ ജനവാസ കേന്ദ്രങ്ങളിലേക്കടക്കം തുടർച്ചയായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് അറബ് സഖ്യം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റിയാദിൽ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തടഞ്ഞതായും രാജ്യത്തിെൻറ തെക്കൻ നഗരങ്ങളിലേക്ക് വിക്ഷേപിച്ച ആറു സായുധ ഡ്രോണുകൾ നശിപ്പിച്ചതായും അറബ് സഖ്യം അറിയിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ജീസാനിൽ പുതിയ ആക്രമണം.

