പ്രവാസ അനുഭവങ്ങളുടെ കരുത്തിൽ മത്സരഗോദയിൽ
text_fieldsചന്ദ്രമോഹൻ, നന്ദിനി കോണാട്ട്, അഷറഫ് കൊണ്ടോട്ടി, ജമാൽ സി. മുഹമ്മദ്, സുബൈദ സലീം, ശഫീഖ് മാടായി, എം.എൻ. സലാഹു
ദമ്മാം: ദീർഘകാല പ്രവാസ അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെട്ട വീറും ധൈര്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ അങ്കംകുറിക്കാൻ സൗദി കിഴക്കൻ പ്രവിശ്യയിൽനിന്ന് നിരവധി പേർ. നാടുവിട്ടുനിന്നതിന്റെ ഒരങ്കലാപ്പുമില്ലാതെ പ്രതിരോധ രാഷ്ട്രീയത്തെയും വികസന അജണ്ടകളെയും മുന്നോട്ടുവെച്ച് അവർ ജനഹൃദയങ്ങളിൽ ഇടം കണ്ടുകഴിഞ്ഞു.
ദമ്മാമിന്റെ രാഷ്ട്രീയ സംസ്കാരിക ലോകത്തിന് ഏറെ പ്രിയപ്പെട്ടവരായിരുന്ന നിരവധി പേരാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ കളംനിറഞ്ഞാടുന്നത്. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റും നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായിരുന്ന ചന്ദ്രമോഹൻ വേങ്ങര പഞ്ചായത്ത് 24ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. നവോദയ സാംസ്കാരിക വേദി കുടുംബ വേദി രക്ഷാധികാരിയും ലോക കേരളസഭ അംഗവും സാഹിത്യപ്രവർത്തകയുമായ നന്ദിനി കോണാട്ട് ഒറപ്പാലം നഗരസഭ എട്ടാം വാർഡിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയാണ്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി രണ്ടാം ഡിവിഷനിൽ യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായത് ഒ.ഐ.സി.സി മലപ്പുറം കമ്മിറ്റി ഭാരവാഹി അഷ്റഫ് കൊണ്ടോട്ടിയാണ്. ഒ.ഐ.സി.സി മലപ്പുറം ജില്ല ട്രഷറർ ആയിരുന്ന ജമാൽ സി. മുഹമ്മദ് മംഗലം പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ്.
തൃത്താല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്വതന്ത്രയായി ജനവിധി തേടുന്ന സുബൈദ സലീം, മുക്കം മുനിസിപ്പാലിറ്റി മംഗലശ്ശേരി ഡിവിഷനിൽ മത്സരിക്കുന്ന ശഫീഖ് മാടായി, കടവല്ലൂർ പഞ്ചായത്ത് 15ാം വാർഡ് പെരുമ്പിലാവിലെ സ്വതന്ത്ര സ്ഥാനാർഥി എം.എൻ. സലാഹു എന്നിവർ ദമ്മാമിലെ സാമൂഹികരംഗത്ത് വളരെ സജീവമായിരുന്നു. ഈ പട്ടിക അപൂർണമാണ്. നിരവധി പ്രവാസികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
കേവലം ഒരുവർഷം മുമ്പ് മാത്രം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവരാണിവർ. എന്നാൽ രണ്ടും മൂന്നും വർഷങ്ങളായ നിരവധി പേരും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

