ദുബൈയിൽ കുടുങ്ങിയ യാത്രക്കാരുടെ കാര്യത്തിൽ ഇടപെടണം -ജിദ്ദ കെ.എം.സി.സി
text_fieldsജിദ്ദ: കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനയാത്ര അനുവദിക്കാത്തതിനാൽ ദുബൈ വഴി സൗദിയിലേക്ക് വരാനായി നാട്ടിൽനിന്ന് പുറപ്പെടുകയും യു.എ.ഇയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന മലയാളി യാത്രക്കാരുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കെ.എം.സി.സി ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു.സൗദിയിൽ നിന്ന് അവധിയിൽ പോയവർ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താനായി യു.എ.ഇയിലെത്തിയപ്പോഴാണ് അപ്രതീക്ഷിത വിലക്ക് പ്രഖ്യാപനം വന്നത്.
ഇതുകാരണം ആയിരക്കണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണ്. പലരും ട്രാവൽ ഏജൻസികൾ ഒരുക്കിയ താമസ സൗകര്യത്തിെൻറ സമയപരിധി അവസാനിച്ച് പെരുവഴിയിലായ അവസ്ഥയാണ്. ഒട്ടുമിക്ക പേരുടെ ൈകയിലും ഭക്ഷണത്തിനു പോലും പണമില്ല.
ഇതിൽ ഭൂരിപക്ഷം പേരും അടുത്ത ദിവസങ്ങളിൽ സൗദിയിൽ പ്രവേശിക്കാനായില്ലെങ്കിൽ വിസാ കാലാവധി അവസാനിച്ചു ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. അതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി ഈ ആളുകളെ സൗദിയിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും സൗദി വിസ കാലാവധിയുള്ളവർക്ക് യു.എ.ഇയിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതു വരെ അവിടെ ഇന്ത്യൻ എംബസി മുഖാന്തരം താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയോ നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണമെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീർ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർക്ക് കത്തയച്ച് അടിയന്തരമായി ഇടപെടുന്നതിന് ആവശ്യപ്പെടുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

