
സൗദിയിൽ കോവിഡ് ബാധിതരായി ബാക്കിയുള്ളത് 3777 പേർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട തിങ്കളാഴ്ചത്തെ കോവിഡ് പ്രതിദിന സ്ഥിതി വിവര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3777 പേർ മാത്രമാണ്. ഇതിൽ 577 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പുതുതായി 209 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 289 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,922 ആയി.
രോഗമുക്തരുടെ ആകെ എണ്ണം 3,49,168 ആയി ഉയർന്നു. ആകെ മരണസംഖ്യ 5977 ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 44, മദീന 44, മക്ക 37, കിഴക്കൻ പ്രവിശ്യ 26, അസീർ 20, ഖസീം 10, നജ്റാൻ 6, ഹാഇൽ 6, വടക്കൻ അതിർത്തി മേഖല 5, അൽബാഹ 4, തബൂക്ക് 3, ജീസാൻ 3, അൽജൗഫ് 1.
