കോവിഡ് മുക്തി നിരക്കിൽ സൗദി ജി.സി.സിയിൽ മുന്നിൽ
text_fieldsസൗദിയിൽ കടകളിൽ കോവിഡ് പ്രോേട്ടാക്കോൾ പാലനം ശക്തമാക്കിയപ്പോൾ
ജിദ്ദ: കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരുടെ എണ്ണത്തിൽ ജി.സി.സി രാജ്യങ്ങളിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ഞായറാഴ്ച വരെ സൗദിയിൽ കോവിഡ് മുക്തമായവരുടെ അനുപാതം 97.7 ശതമാനമായതായി ഗൾഫ് ആരോഗ്യ കൗൺസിൽ ട്വിറ്ററിലൂടെ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. 97.5 ശതമാനവുമായി യു.എ.ഇ ആണ് തൊട്ടടുത്ത സ്ഥാനത്ത്. ഖത്തറിൽ 94.3 ശതമാനവും ഒമാനിൽ 94 ശതമാനവും കുവൈത്തിൽ 93.4 ശതമാനവും ബഹ്റൈനിൽ 93.2 ശതമാനവും രോഗമുക്തരായിട്ടുണ്ട്.
സൗദിയിൽ പുതിയ കോവിഡ് കേസ് 314 ആണ്. മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 3,73,046 ഉം സുഖം പ്രാപിച്ചവരുടെ എണ്ണം 3,63,926 ആണെന്ന് തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം യൂനിവേഴ്സിറ്റികൾ നടത്തിയ കോവിഡ് ഗവേഷണ പ്രസിദ്ധീകരണ ശ്രമങ്ങളിലും സൗദി അറേബ്യ തന്നെയാണ് മുന്നിൽ. ആഗോളതലത്തിലും ഏറെ മുന്നിൽ നിൽക്കുന്നു. അറബ് ലോകത്ത് ഒന്നാം സ്ഥാനമുണ്ട്. സയൻസ് നെറ്റ് വർക്ക് ഡാറ്റാബേസ് അനുസരിച്ച് ആഗോളതലത്തിൽ നേരത്തെയുണ്ടായിരുന്ന 17ാം സ്ഥാനം 14ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

