ശമ്പളവും ഇഖാമയുമില്ലാതെ ദുരിതത്തിൽ, തൊഴിലാളികൾക്കാശ്വാസമായി പ്രവാസി വെൽഫെയർ
text_fieldsജുബൈൽ: കഴിഞ്ഞ എട്ട് വർഷത്തോളമായി ഇഖാമയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് തുണയായി പ്രവാസി വെൽഫെയർ ജുബൈൽ ഘടകം പ്രവർത്തകർ. തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളവും ലഭിച്ചിരുന്നില്ല. ജുബൈൽ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന 15 തൊഴിലാളികളാണ് മാനേജ്മെന്റിന്റെ അനാസ്ഥ കാരണം ദുരിതത്തിലായത്.
മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ അസുഖമുണ്ടായിട്ടും ചികിത്സ തേടാനോ, ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ബാങ്ക് ഇടപാടുകൾ നടത്താനോ കഴിയാതെ തൊഴിലാളികൾ വലയുകയായിരുന്നു. വർഷങ്ങളായി നാട്ടിൽ പോകാൻ അവധി ലഭിക്കാത്തതും ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ ജോലി നിർത്തിവെച്ചതിനെത്തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനവും പ്രതിസന്ധിയിലായിരുന്നു.
വിഷയം സങ്കീർണമായതോടെ അൽ ജുഐമ ലേബർ ഓഫീസർ പ്രശ്നപരിഹാരത്തിനായി ഇന്ത്യൻ എംബസി വളൻറിയറും പ്രവാസി വെൽഫെയർ ജുബൈൽ ഘടകം ജനസേവന വിഭാഗം കൺവീനറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോട് വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സൈഫുദ്ദീൻ പൊറ്റശ്ശേരി, ഇന്ത്യൻ എംബസി വളൻറിയർ സലിം ആലപ്പുഴ, പ്രവാസി വെൽഫെയർ പ്രവർത്തകരായ ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത് എന്നിവർ ഫാക്ടറി ഉടമയുമായും തൊഴിലാളികളുമായും ചർച്ചകൾ നടത്തി.
ലേബർ ഓഫിസിലെ തൊഴിൽ തർക്കപരിഹാര വിഭാഗം ഓഫീസർ ഹസൻ അംബൂബയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉടൻ തന്നെ ഒന്നര മാസത്തെ ശമ്പളം നൽകാമെന്ന് ഫാക്ടറി ഉടമ സമ്മതിച്ചു. ഈ ഉറപ്പിന്മേൽ തൊഴിലാളികൾ താൽക്കാലികമായി ജോലിയിൽ തിരികെ പ്രവേശിക്കാൻ തീരുമാനിച്ചു. ആവശ്യമായ രേഖകളുമായി വീണ്ടും ലേബർ ഓഫീസിൽ ഹാജരാകാനും കമ്പനി ഉടമയോട് നിർദേശിച്ചിട്ടുണ്ട്. 2023ലും സമാനമായ രീതിയിൽ കരാറുണ്ടാക്കിയിരുന്നെങ്കിലും ഫാക്ടറി ഉടമ അത് പാലിച്ചിരുന്നില്ല. അതിനാൽ ഇത്തവണ കർശനമായ വ്യവസ്ഥകളോടെയാണ് ചർച്ചകൾ നടന്നത്. പ്രവാസി വെൽഫെയർ പ്രതിനിധികൾ മുതിർന്ന ലേബർ ഓഫിസർ മുത്ലഖ് ഖഹ്ത്വാനിയുമായും കൂടിക്കാഴ്ച നടത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
നീതിപൂർവമായ ഇടപെടലാണ് ലേബർ ഓഫിസർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രവാസി വെൽഫെയർ പ്രവർത്തകർ പറഞ്ഞു. ഉടൻ നടക്കാനിരിക്കുന്ന അന്തിമ ചർച്ചയിൽ തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

