2024ൽ 230 കോടി റിയാൽ ലാഭമെന്ന് അൽമറായി കമ്പനി
text_fieldsജിദ്ദ: സൗദിയിലെ ഏറ്റവും വലിയ ക്ഷീരോത്പാദന വിതരണ കമ്പനിയായ ‘അൽമറായി’ 2024ലെ ലാഭ ണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം 230 കോടി റിയാലാണ് ലാഭമെന്ന് കമ്പനി അറിയിച്ചു. 2023ൽ നേടിയ 200 കോടി റിയാൽ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം 12.8 ശതമാനമാണ് വർധനവ്. ഐസ്ക്രീം വിഭാഗത്തിലുൾപ്പെടെ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ് ചെലവ് നിയന്ത്രണ മാർഗങ്ങളുടെ പ്രയോഗവും വിൽപ്പനരംഗത്തെ പുരോഗതിയുമൊക്കെയാണ് ലാഭവിഹിതം വർധിക്കാൻ കാരണം.
പാൽ, ജ്യൂസ് മേഖലയിലാണ് ലാഭം കൂടുതൽ വർധിച്ചതെന്നും അൽമറായി കമ്പനി ‘തദാവുൽ’ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. 2023നെ അപേക്ഷിച്ച് ബേക്കറി ഉൽപന്നങ്ങളിലെ ലാഭം ഗണ്യമായി വർധിച്ചതായും കമ്പനി സൂചിപ്പിച്ചു. വരുമാനത്തിലെയും ഉൽപാദന കാര്യക്ഷമതയിലെയും തുടർച്ചയായ വർധനവും കോഴിവളർത്തൽ മേഖലയുടെ ലാഭം വർധിക്കാൻ കാരണമായി. 2024ലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം ഏകദേശം 4.30 കോടി റിയാലായി വർധിച്ചു. 2023ലെ ഇതേ കാലയളവിൽ നേടിയ 3.70 കോടി റിയാൽ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം വർധന. ഉപഭോഗ രീതികളിലെ കാലാനുസൃതമായ മാറ്റം കാരണം 2024 മൂന്നാം പാദത്തിലെ കമ്പനി വരുമാനം 520 കോടി റിയാലായിരുന്നു. എന്നാൽ 2024ലെ നാലാം പാദത്തിൽ വരുമാനം ഒരു ശതമാനം കുറഞ്ഞു 515 കോടി റിയാൽ ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

