ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് - ജി.സി.സി കൗൺസിൽ
text_fieldsറിയാദ്: സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചതിനെ ജി.സി.സി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ, ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം ചെയ്തു.
ഈ അംഗീകാരം ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനുള്ള സുപ്രധാനവും തന്ത്രപരവുമായ ചുവടുവെപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് സമാനമായ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ രാജ്യങ്ങൾക്കും ശക്തമായ പ്രചോദനമാണിത്. വർഷങ്ങളോളം അനീതി, അടിച്ചമർത്തൽ, ഗുരുതരമായ നിയമ ലംഘനങ്ങൾ, ഇസ്രായേൽ അധിനിവേശ സേനയുടെ സമ്മർദത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീൻ ജനതക്ക് അവരുടെ എല്ലാ അവകാശങ്ങളും നേടുന്നതിനും സമാധാനത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും ജീവിക്കുന്നതിനുംസംഭാവന ചെയ്യും.
ഫലസ്തീൻ ജനതക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കാനുള്ള പൂർണ അവകാശം ലഭിക്കുന്നതിന് അവരെ പിന്തുണക്കുന്നതിൽ പങ്ക് വഹിക്കണമെന്ന് അന്താരാഷ്ട്ര സ്ഥാപനങ്ങളോടും സംഘടനകളോടും ആവശ്യപ്പെടുന്നുവെന്നും അൽബുദൈവി പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തിന് വർധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരം - അറബ് പാർലമെന്റ്
റിയാദ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ അറബ് പാർലമെന്റ് സ്വാഗതം ചെയ്തു. ഇത് നീതിയുടെയും ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തിന്റെയും വിജയമാണെന്ന് അറബ് പാർലമെന്റ് അഭിപ്രായപ്പെട്ടു. ഫലസ്തീൻ രാഷ്ട്രത്തിന് വർധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമാണിത്. ഫലസ്തീൻ രാജ്യം എന്ന ലക്ഷ്യം ഇല്ലാതാക്കാനുള്ള അധിനിവേശത്തിന്റെ പരാജയപ്പെട്ട പദ്ധതികളോടുള്ള പ്രായോഗിക പ്രതികരണത്തെയാണിത് പ്രതിനിധീകരിക്കുന്നതെന്നും അറബ് പാർലമെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത എല്ലാ രാജ്യങ്ങളും അതിനെ അംഗീകരിക്കാൻ മുന്നോട്ടു വരണമെന്നും അറബ് പാർലമെന്റ് വീണ്ടും ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ അനീതി അവസാനിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. അന്താരാഷ്ട്ര പ്രമേയങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി ഫലസ്തീനിലെ ജനങ്ങൾക്കും അവരുടെ ന്യായമായ ആവശ്യത്തിനും ഒപ്പം നിൽക്കാൻ എല്ലാ അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്യുന്നുവെന്നും അറബ് പാർലമെന്റ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

