ഹജ്ജിെൻറ സുപ്രധാന ചടങ്ങ്; അറഫ പ്രസംഗം മലയാളമടക്കം 34 ഭാഷകളിൽ
text_fieldsഅറഫ പ്രഭാഷണം നടക്കുന്ന മിനയിലെ മസ്ജിദ് നമിറ (ഫയൽ)
മക്ക: ഹജ്ജിലെ സുപ്രധാന കർമമായ അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണം നമിറ പള്ളിയിൽനിന്ന് ലോകത്തിന് ഇത്തവണ മലയാളമുൾപ്പെടെ 34 ഭാഷകളിൽ കേൾക്കാനാവും. കഴിഞ്ഞ വർഷം 20 ഭാഷകളിലായിരുന്നു വിവർത്തനം. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും മസ്ജിദുൽ ഹറാമിലെ വിവർത്തന കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ‘ഹജ്ജ് ഖുതുബ’ (പ്രഭാഷണം) അവരുടെ ഭാഷകളിൽ മനസ്സിലാക്കാൻ ബൃഹത്തായ പദ്ധതികളാണ് ഇരുഹറം കാര്യാലയ അതോറിറ്റി നടപ്പാക്കുന്നത്. അറബിക്, ഉർദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യൻ, പേർഷ്യൻ (ഫാർസി), ഹൗസ, ചൈനീസ് (മന്ദാരിൻ), റഷ്യൻ, ബംഗാളി, ടർക്കിഷ്, മലായ് (ബഹാസ മേലായു), സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ജർമൻ, ഫിലിപ്പിനോ (ടഗാലോഗ്), അംഹാരിക് (ഇത്യോപ്യ), ബോസ്നിയൻ, ഹിന്ദി, ഡച്ച്, തായ്, മലയാളം, സ്വാഹിലി, പഷ്തോ, തമിഴ്, അസർബൈജാനി, സ്വീഡിഷ്, ഉസ്ബെക്ക്, അൽബേനിയൻ, ഫുലാനി (ഫുല), സൊമാലി, റോഹിംഗ്യകൾ, യൊറൂബ തുടങ്ങിയ ഭാഷകളിലാണ് ഇത്തവണ വിവർത്തനം ചെയ്യുന്നത്.
സൗദിയിൽ പ്രമുഖ പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ആണ് അറഫ പ്രസംഗം നടത്തുന്നത്. ഉച്ചക്ക് അറഫയിലെ നമിറ പള്ളിയിൽ നടക്കുന്ന പ്രസംഗത്തോടെയാണ് അറഫ സംഗമത്തിന് തുടക്കമാകുക. നാലു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പള്ളിയാണ് അറഫയിലെ നമിറ മസ്ജിദ്.
പ്രവാചകന്റെ ഹജ്ജിലെയും ജീവിതത്തിലെയും വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ച് നടക്കുന്നതാണ് അറഫയിലെ പ്രഭാഷണം. മലയാളമടക്കം ഇത്തവണ അത് 34 ഭാഷകളിൽ കേൾക്കാമെന്നത് വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷം നൽകുന്നത് തന്നെയാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സംവിധാനിച്ച ‘ട്രാൻസലേഷൻ കേന്ദ്ര’ത്തിൽനിന്ന് മനാറത്ത് അൽ ഹറമൈൻ എന്ന ആപ് വഴിയാണ് മലയാളമടക്കം എല്ലാ ഭാഷകളിലും ലഭ്യമാകുക. ചരിത്രത്തിൽ ആദ്യമായാണ് ലോക മുസ്ലിങ്ങളുടെ 80 ശതമാനം ആളുകൾ ഉപയോഗിക്കുന്ന 34 ഭാഷകളിൽ അറഫ പ്രസംഗം കേൾക്കാൻ അവസരം ലഭിക്കുന്നത്. 30 കോടിയിലധികം വരുന്ന ആളുകളിലേക്ക് അറഫ പ്രഭാഷണ സന്ദേശം എത്തിക്കാനുള്ള പദ്ധതിയാണ് ഇതുവഴി നടപ്പാക്കുന്നത്.
സൗദിയിലെ 10 എഫ്.എമ്മിലും സൗദി ടി.വി ചാനലുകളിലും ലൈവായി സംപ്രേഷണം കേൾക്കാൻ കഴിയും. വിവിധ ഇസ്ലാമിക് പ്ലാറ്റ്ഫോമുകളിലും അറഫ പ്രസംഗം വിവർത്തനങ്ങളോടെ തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ വിവർത്തന പദ്ധതിയാണ് ഇരുഹറം കാര്യാലയം നടപ്പാക്കുന്നത്. സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ 2018ലാണ് ഈ സംരംഭം ആരംഭിച്ചത്. തുടക്കത്തിൽ അഞ്ച് ഭാഷകളിൽ മാത്രമായിരുന്നു അറഫ പ്രഭാഷണം വിവർത്തനം ചെയ്തിരുന്നത്. പുതിയ പദ്ധതിയിലൂടെ ഈ വർഷത്തെ അറഫ പ്രഭാഷണ സന്ദേശം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന ശ്രോതാക്കൾക്ക് കേൾക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

