ദുൈബയിൽ കുടുങ്ങിയ പ്രവാസികൾ:കെ.എം.സി.സി സജീവമായി ഇടപെടുന്നു
text_fieldsദുബൈയിൽ കുടുങ്ങിയ സൗദി, കുവൈത്ത് പ്രവാസികളുടെ വിഷയത്തിൽ പ്രശ്നപരിഹാരം തേടുന്ന കത്ത് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൈമാറുന്നു
റിയാദ്: സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രാമധ്യേ ദുബൈയിലെത്തി കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കണ്ടു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെയും യു.എ.ഇ, കുവൈത്ത് കമ്മിറ്റികളുടെയും ഇടപെടലിനെയും സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെയും തുടർന്നായിരുന്നു കൂടിക്കാഴ്ച. പാക്കേജ് കാലാവധി തീർന്ന പ്രവാസികൾക്ക് താൽക്കാലിക താമസ, ഭക്ഷണ സൗകര്യം ഏർപ്പെടുത്തുക, വിസ കാലാവധി തീർന്നവർക്ക് പുതുക്കി നൽകാൻ നയതന്ത്ര തലത്തിൽ ഇടപെടൽ നടത്തുക, നാട്ടിലേക്ക് തിരിച്ചുപോകാൻ സാമ്പത്തിക പ്രയാസമുള്ളവർക്ക് തിരിച്ചുള്ള യാത്ര സൗകര്യം ഏർപ്പെടുത്തുക തുടങ്ങി അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളാണ് മന്ത്രിയുമായി ചർച്ച നടത്തിയതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. വിഷയത്തിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെയും ഉടനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി, സഹമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എം.പിമാർ, പ്രതിപക്ഷ ഉപനേതാവ്, നോർക്ക സി.ഇ.ഒ, മുസ്ലിം ലീഗ് നേതാക്കൾ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. നേരത്തേ ഇക്കാര്യത്തിൽ സൗദി കെ.എം.സി.സി സംഘടിപ്പിച്ച യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ പങ്കെടുത്തിരുന്നു.
പ്രവാസികളുടെ വിഷയം ഗൗരവത്തിലെടുക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ തലങ്ങളിൽനിന്ന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് ശക്തമായ സമ്മർദം ചെലുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുമായും നോർക്കയുമായും നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്ന് ഡോ. മുനീറും പ്രതിസന്ധിയിലകപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്ന് കെ.പി.എ. മജീദും യോഗത്തിൽ പറഞ്ഞു.
യു.എ.ഇയിലെ സാഹചര്യത്തിൽ നിയമവിധേയമായ മാർഗങ്ങളിലൂടെ സാധിക്കുന്നത് ചെയ്യുമെന്നും യു.എ.ഇ കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, നിസാർ തളങ്കര, അബ്ദുല്ല ഫാറൂഖി, ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ എന്നിവർ അറിയിച്ചു.
സൗദി കെ.എം.സി.സി നേതാക്കളയ അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി.പി. മുസ്തഫ, ബഷീർ മുന്നിയൂർ, ഇസ്മയിൽ മുണ്ടക്കുളം, കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

