യാത്രവിലക്കുമൂലം കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണം –നവോദയ
text_fieldsദമ്മാം: യാത്രവിലക്കിനെ തുടർന്ന് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി ക്വാറൻറീന് പൂര്‍ത്തിയാക്കിയാണ് പ്രവാസികള്‍ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നത്. എന്നാല്‍, 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ സൗദിയാത്ര പ്രതിസന്ധിയിലായി.
വിവിധ ട്രാവൽ ഏജൻസികൾ 15 ദിവസത്തെ പാക്കേജായാണ് ആളുകളെ യു.എ.ഇയില്‍ എത്തിച്ചത്. യു.എ.ഇയിലെ വിവിധ ഹോട്ടലുകളിലാണ് ഇവർ താമസിക്കുന്നത്. സൗദി വ്യോമ, കര ഗതാഗതം പുനരാരംഭിക്കുന്നതുവരെ അവിടെ കഴിയാനാകാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒട്ടേറെ പേർ നേരിടുന്നുണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാർജും വേണ്ടിവരുന്നു.
ഗതാഗതം പുനരാരംഭിക്കുന്നതുവരെ നോർക്കയുടെ നേതൃത്വത്തിൽ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണം. സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന 14 ദിവസത്തെ അന്യരാജ്യ ക്വാറൻറീൻ, പ്രവേശന വിലക്ക് ഏർപ്പെടുത്തിയതു മൂലമുള്ള ബുദ്ധിമുട്ടുകൾ എന്നീ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നവോദയ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നവോദയ കേരള മുഖ്യമന്ത്രിക്കും നോര്‍ക്കക്കും നിവേദനം നല്കി.
യാത്രവിലക്കുമൂലം ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് സഹായം എത്തിക്കണം –ഖസീം പ്രവാസി സംഘം
ബുറൈദ: സൗദിയിലേക്കുള്ള യാത്രവിലക്കു കാരണം യു.എ.ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് സഹായമെത്തിക്കണമെന്ന് ഖസീം പ്രവാസി സംഘം ആവശ്യപ്പെട്ടു. ട്രാവൽ ഏജൻസികൾ നൽകിവരുന്ന പ്രത്യേക പാക്കേജുകളിലാണ് ഇപ്പോൾ സൗദിയിലേക്ക് പ്രവാസികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തിയതോടെ ദുബൈയിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് തിരിച്ചെത്താനുള്ള വഴിയടഞ്ഞു. പാക്കേജനുസരിച്ച് പരമാവധി 16 ദിവസം വരെയുള്ള താമസ സൗകര്യമാണ് ട്രാവൽ ഏജൻസികൾ നൽകിവരുന്നത്. സൗദിയിലേക്ക് വിലക്ക് നിലവിൽ വന്നതോടെ തിരിച്ചുവരവ് പ്രതിസന്ധിയിലാണ്. കൂടുതൽ ദിവസം തങ്ങണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്.
കൂടാതെ 30 ദിവസത്തെ ദുബൈ വിസ കാലാവധി അവസാനിക്കുകയാണെങ്കിൽ ഇവർ കൂടുതൽ ദുരിതത്തിലാകും. ഗതാഗതം ആരംഭിക്കുന്നത് വരെ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണം. ഈ വിഷമഘട്ടത്തിൽ, അടിയന്തര സഹായം എത്തിക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻ ൈകയെടുക്കണമെന്നും വിഷയം കേന്ദ്ര സർക്കാറിനെ ധരിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.