ഐ.എം.ഡി സ്മാർട്ട് സിറ്റി സൂചിക; സൗദി അറേബ്യക്ക് തിളക്കമാർന്ന നേട്ടം; പട്ടികയിൽ എട്ട് നഗരങ്ങൾ
text_fieldsയാംബു: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പുറത്തിറക്കിയ 2026ലെ ആഗോള സ്മാർട്ട് സിറ്റി സൂചികയിൽ സൗദി അറേബ്യക്ക് വൻ മുന്നേറ്റം. രാജ്യത്തെ എട്ട് നഗരങ്ങളാണ് ഇത്തവണ അഭിമാനകരമായ നേട്ടം കൈവരിച്ചത്. തലസ്ഥാന നഗരമായ റിയാദ് കഴിഞ്ഞ വർഷത്തെക്കാൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആഗോളതലത്തിൽ 24ാം സ്ഥാനത്തെത്തി. ചരിത്ര നഗരമായ അൽ ഉലയുടെ കുതിപ്പാണ് പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ ഘടകം.
മുൻവർഷം 112ാം സ്ഥാനത്തായിരുന്ന അൽ ഉല, ഇത്തവണ 27 സ്ഥാനങ്ങൾ മറികടന്ന് 85ാം റാങ്ക് കരസ്ഥമാക്കി. ലോകത്തെ ഏറ്റവും മികച്ച പൗരാണിക നഗരങ്ങളുടെ പട്ടികയിലും അൽ ഉല ഇടംപിടിച്ചിട്ടുണ്ട്.
പുതുതായി പട്ടികയിൽ ഇടംപിടിച്ച ഹാഇൽ (34ാം സ്ഥാനം), ഹാഫർ അൽ ബാത്വിൻ (100ാം സ്ഥാനം) എന്നിവ സൗദിയുടെ നഗരവികസനത്തിന് മാറ്റുകൂട്ടി. മറ്റ് പ്രമുഖ നഗരങ്ങളായ മക്ക (50), ജിദ്ദ (55), അൽ ഖോബാർ (64), മദീന (67) എന്നിവയും സൂചികയിൽ മികച്ച നിലവാരം പുലർത്തി. ജീവിതനിലവാരം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, സേവനങ്ങളുടെ കാര്യക്ഷമത, സാങ്കേതിക വിദ്യ, പരിസ്ഥിതി സുസ്ഥിരത, സ്മാർട്ട് ഗവേണൻസ്, സുരക്ഷ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഐ.എം.ഡി നഗരങ്ങളെ വിലയിരുത്തിയത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരങ്ങൾ കൈവരിച്ച വികസനവും സ്മാർട്ട്-സുസ്ഥിര സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനായി നടപ്പാക്കിയ വിവിധ പദ്ധതികളും സൂചികയിൽ നിർണായകമായി. ആഗോളതലത്തിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഓസ്ലോ, ജനീവ, ലണ്ടൻ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്. ആദ്യ 10 സ്ഥാനങ്ങളിൽ യൂറോപ്യൻ നഗരങ്ങൾ ആധിപത്യം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

