ഐ.എം.സി.സി അനുസ്മരണയോഗം
text_fieldsഐ.എം.സി.സി അനുസ്മരണ യോഗത്തിൽ ഹനീഫ് അറബി സംസാരിക്കുന്നു
ദമ്മാം: ഇന്ത്യൻ നാഷനൽ ലീഗിന്റെ ആരംഭകാല നേതാക്കളായ എം.ജെ. സക്കറിയ സേട്ട്, പി.എം. അബൂബക്കർ, എസ്.എ. പുതിയവളപ്പിൽ എന്നീ നേതാക്കളെ ഐ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ ഘടകം അനുസ്മരിച്ചു. എം.ജെ. സക്കരിയ സേട്ട് കൃത്യവും കണിശവുമായ വാക്കുകളിൽ ഉജ്ജ്വലമായി പ്രസംഗിക്കാനും അത്രതന്നെ ശക്തിയിൽ എഴുതാനും സൗമ്യമായി ഇടപഴകാനും ഒരേസമയം സാധിച്ചിരുന്ന അത്യപൂർവ സിദ്ധിയുണ്ടായിരുന്ന നേതാവായിരുന്നെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കോർപറേഷൻ കൗൺസിലറായും ഡെപ്യൂട്ടി മേയറായും നിയമസഭാംഗമായും ഡെപ്യൂട്ടി സ്പീക്കറായും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന സക്കരിയ സേട്ട് മികച്ച പത്രപ്രവർത്തകനും തികവാർന്ന കഥാകാരനുമായിരുന്നു എന്ന് ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടോളം പഠിപ്പിക്കാൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി. ഐ.എൻ.എല്ലിന് തീരാനഷ്ടമാണ് പി.എം. അബൂബക്കറെന്നും യോഗം അനുസ്മരിച്ചു.
പദവിയെ ദുരുപയോഗം ചെയ്യാത്ത ആദർശധീരനും തന്ത്രശാലിയും ഏതു പ്രശ്നത്തെയും ചങ്കൂറ്റത്തോടെ കൈകാര്യം ചെയ്ത സാധാരണക്കാർക്കും പാവങ്ങൾക്കും ആശ്രയവും നിരവധി പേർക്ക് സാന്ത്വനവുമേകി ഉയരങ്ങളിൽ എത്തിച്ച മനുഷ്യസ്നേഹിയായിരുന്നു പി.എം. അബൂബക്കറെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. അമിതാവേശത്തോടെയോ അനാവശ്യ ജാഡകളോടെയോ കാണാൻ സാധിക്കാത്ത നേതാവാണ് എസ്.എ. പുതിയവളപ്പിലെന്നും യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ഖത്വീഫിൽ നടന്ന അനുസ്മരണ യോഗത്തിൽ സാദിഖ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. പ്രവിശ്യ കമ്മിറ്റി ട്രഷറർ റസാഖ് പടനിലം ഉദ്ഘാടനം ചെയ്തു. ഹനീഫ് അറബി അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് കോട്ടൂർ, റാഷിദ് കോട്ടപ്പുറം, ഹാരിസ് എസ്.എ ഏരിയപ്പാടി തുടങ്ങിയവർ സംസാരിച്ചു. ഇർഷാദ് കളനാട് സ്വാഗതവും ഇബു ഏരിയപ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

