മസ്ജിദുന്നബവി ഇമാം ഡോ. സ്വലാഹ് അൽബദീർ മലേഷ്യയിൽ; സൗദിയുമായുള്ള ശക്തമായ ബന്ധത്തെ പ്രശംസിച്ച് മലേഷ്യൻ പ്രധാനമന്ത്രി
text_fieldsമസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ഡോ. സ്വലാഹ് അൽബദീറിനെ ക്വാലാലംപൂരിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വീകരിക്കുന്നു
ജിദ്ദ: സൗദിയുമായുള്ള ശക്തമായ ബന്ധത്തെ പ്രശംസിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ഹൃസ്വ സന്ദർശനാർഥം മലേഷ്യയിലെത്തിയ മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ഡോ. സ്വലാഹ് അൽബദീറിനെ ക്വാലാലംപൂരിൽ സ്വീകരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലേഷ്യൻ പ്രധാനമന്ത്രി അൽബദീറിനെ സ്വാഗതം ചെയ്തു.
സൗദിയും മലേഷ്യയും തമ്മിലുള്ള ബന്ധം ആഴത്തിൽ വേരൂന്നിയതും പങ്കിട്ട ചരിത്രപരവും ഇസ്ലാമികവുമായ പൊതുതത്വങ്ങളിലും പരസ്പര ബഹുമാനത്തിലും കെട്ടിപ്പടുത്തതുമാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇസ്ലാമിക ലോകത്ത് സഹിഷ്ണുത, മിതത്വം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മലേഷ്യൻ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും അൽ ബദീർ ആശംസിച്ചു. സൗദി ഭരണകൂടത്തിന്റെ ആശംസകളും അഭിനന്ദനവും മലേഷ്യൻ പ്രധാനമന്ത്രിയെ അറിയിച്ചു.
ഇരുഹറമുകളിലെ ഇമാമുമാരുടെ വിദേശ സന്ദർശന പരിപാടികളെ പിന്തുണക്കുന്നതിനും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ ഏകീകരിക്കുന്നതിനുമുള്ള ഇരുഹറം മതകാര്യ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ താൽപര്യവും അദ്ദേഹം സൂചിപ്പിച്ചു. സ്വീകരണത്തിനിടെ അൽബദീർ മലേഷ്യൻ പ്രധാനമന്ത്രിക്ക് വിശുദ്ധ ഖുർആന്റെ ഒരു പകർപ്പ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

