അറഫ പ്രഭാഷണത്തിൽ ഇമാം ഡോ. അലി അൽഹുദൈഫി
text_fieldsഅറഫാ സംഗമത്തിൽ മദീന
മസ്ജിദുന്നബവി ഇമാം ഡോ. അലി അൽഹുദൈഫി പ്രഭാഷണം നിർവഹിക്കുന്നു
അറഫ: ഹജ്ജ് വേളയിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ പക്ഷപാതപരമായ ആഹ്വാനങ്ങളോ പാടില്ലെന്ന് ഹറം ഇമാം ഡോ. അലി അൽഹുദൈഫി പ്രസ്താവിച്ചു. ഹജ്ജിെൻറ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമത്തിൽ ഖുതുബ (പ്രസംഗം) നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകർ പൂർണമായും ശാന്തതയും സൗമ്യതയും പാലിക്കണമെന്നും തിരക്കുകൾ ഒഴിവാക്കി സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഭക്തിയിലും അനുസരണത്തിലും അധിഷ്ഠിതമായ പവിത്രമായ ആരാധനാകർമമാണ് ഹജ്ജ്. അധാർമികത, തർക്കങ്ങൾ, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ, പക്ഷപാതപരമായ ചേരിതിരിവുകൾ എന്നിവയിൽ നിന്നെല്ലാം അത് തികച്ചും മുക്തമാണ്. സർവേശ്വരന് പൂർണമായി കീഴടങ്ങുകയും, പ്രവാചകചര്യയെ ആന്തരികമായും ബാഹ്യമായും ജീവിതത്തിൽ പകർത്തുകയുമാണ് ഹജ്ജിെൻറ യഥാർത്ഥ ലക്ഷ്യം.
ഇസ്ലാമിെൻറ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി അല്ലാഹു ഹജ്ജിനെ നിശ്ചയിച്ചിരിക്കുന്നത് ബാഹ്യവും ആന്തരികവുമായ ശുദ്ധിക്കും ഉടമ്പടികളുടെ പൂർത്തീകരണത്തിനുവേണ്ടിയാണ്. മുസ്ലിംകൾക്കിടയിലെ ഐക്യവും സഹകരണവുമാണ് ഹജ്ജ് വിളംബരം ചെയ്യുന്നത്. പരസ്പര സഹകരണം, കാരുണ്യം, ആവശ്യക്കാർക്ക് ഭക്ഷണം നൽകൽ എന്നിവയെല്ലാം ഹജ്ജിെൻറ മഹത്തായ പുണ്യങ്ങളിൽ പെട്ടതാണെന്നും ഇമാം ഓർമിപ്പിച്ചു. ജീവിതത്തിൽ ഉടനീളം ദൈവഭയം പുലർത്താനും സൽകർമങ്ങൾ ചെയ്തുകൊണ്ട് പരലോക ജീവിതത്തിനായി ഒരുങ്ങാനും തീർഥാടകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ആത്മാർഥമായ ഏകദൈവ വിശ്വാസത്തിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇമാം, ആരാധനകളുടെ ചൈതന്യം കൈവരുന്നത് ഹൃദയഭക്തിയിലൂടെയാണെന്ന് വിശദീകരിച്ചു. അറഫാ ദിനത്തിൽ അല്ലാഹു തെൻറ ദാസന്മാരെ ഓർത്ത് അഭിമാനം കൊള്ളുന്നതിനാൽ, ഈ പുണ്യദിനത്തിൽ പ്രാർഥനകളിൽ മുഴുകാൻ തീർഥാടകർ ശ്രദ്ധിക്കണം. പ്രാർഥനകൾക്ക് ഏറ്റവും ഉത്തരം ലഭിക്കുന്ന സമയമാണിത്. കൂടാതെ മിനായിലെ ദിനങ്ങളിൽ ദൈവസ്മരണ (ദിക്ർ) വർധിപ്പിക്കാനും അൽഹുദൈഫി ആവശ്യപ്പെട്ടു.
തീർഥാടകരുടെ സുരക്ഷിതമായ സഞ്ചാരത്തിനും സൗകര്യങ്ങൾക്കും ഭംഗം വരുത്തുന്ന തരത്തിലുള്ള യാതൊരുവിധ അച്ചടക്കലംഘനങ്ങളും ഉണ്ടാകരുത്. പൊതുനന്മ മുൻനിർത്തി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ജനക്കൂട്ട നിയന്ത്രണ ചട്ടങ്ങളും നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും പൂർണമായും പാലിക്കാൻ എല്ലാ തീർഥാടകരും ബാധ്യസ്ഥരാണെന്നും ഹറം ഇമാം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

