പ്രതിച്ഛായ നിർമിതിയും റീൽ രാഷ്ട്രീയവും: കേരളം ചിന്തിക്കേണ്ടത്
text_fieldsഷഹ്ദാൻ
റിയാദ്
സമകാലിക രാഷ്ട്രീയത്തിൽ യഥാർഥ ജനസേവനത്തിന് പകരമായി, സമൂഹമാധ്യമങ്ങളിലെ ഹ്രസ്വ വിഡിയോകളിലൂടെ കൃത്രിമമായ പ്രതിച്ഛായ സൃഷ്ടിക്കുന്ന ‘റീൽ രാഷ്ട്രീയം’ വർധിച്ചുവരികയാണ്. ഡിജിറ്റൽ ലോകത്തെ ഈ സ്വാധീനം രാഷ്ട്രീയത്തിെൻറ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ മാറ്റിമറിക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.
ഇന്നത്തെ നേതാക്കൾ സാധാരണക്കാരെ സഹായിക്കുന്നതും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ രംഗങ്ങൾ ബോധപൂർവം ചിത്രീകരിച്ച് നാടകീയ വിഡിയോകൾ സൃഷ്ടിക്കുകയാണ്. കാമറക്ക് മുന്നിലെ ഈ പ്രകടനങ്ങൾ ജനങ്ങളുടെ യഥാർഥ ജീവിതവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ഭരണഘടന പദവികൾ വഹിക്കുന്ന ജനപ്രതിനിധികളെ അവരുടെ സമൂഹമാധ്യമങ്ങളിലെ പ്രകടനത്തിെൻറയോ താൽക്കാലിക കൈയടികളുടെയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. അവർ മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി എന്ത് മാറ്റവും വികസനവുമാണ് കൊണ്ടുവന്നത് എന്നതിലാണ് യഥാർഥശേഷി അടങ്ങിയിരിക്കുന്നത്. ജനസേവനം എന്നത് സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടാനുള്ള ഒരു നാടകമല്ല, അതൊരു വലിയ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിച്ഛായ വർധിപ്പിക്കുന്ന റീൽ രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ വികസനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊതുസമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. വിലകുറഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വൈകാരിക നാടകങ്ങൾക്ക് കൈയടിക്കുന്നതിന് പകരം, നടപ്പാക്കിയ വികസനങ്ങളുടെ പുരോഗതി വ്യക്തമാക്കുന്ന ‘പ്രോഗ്രസ് കാർഡുകൾ’ റീലുകളായി പുറത്തിറക്കാൻ ജനങ്ങൾ നേതാക്കളോട് നിരന്തരം ആവശ്യപ്പെടണം.
നേതാക്കൾ പ്രതിച്ഛായ നിർമിക്കാൻ ഉപയോഗിക്കുന്ന അതേ ആയുധം തന്നെ അവരെ ചോദ്യം ചെയ്യാനും പൊതുസമൂഹം ഉപയോഗിക്കണം. നേതാക്കളുടെ വിഡിയോകളുടെ കമൻറ് ബോക്സുകളിലൂടെ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കണം. കൂടാതെ, ജനപ്രതിനിധികൾ തങ്ങളുടെ മണ്ഡലത്തിന് എന്ത് മൂല്യമാണ് നൽകിയതെന്ന് ചോദിച്ചുകൊണ്ട് ജനങ്ങളും മറുപടി റീലുകൾ നിർമിച്ച് പ്രചരിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ നേതാക്കളുടെ ശ്രദ്ധ കാമറക്ക് മുന്നിലെ അഭിനയത്തിൽനിന്നും മാറി മണ്ഡലത്തിലെ യഥാർഥ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാൻ സാധിക്കൂ.
വ്യാജമായ ഡിജിറ്റൽ ലോകത്തുനിന്ന് പുറത്തുവന്ന് യഥാർഥ രാഷ്ട്രീയത്തെയും നേതാക്കളുടെ കഴിവിനെയും വിലയിരുത്താൻ ജനങ്ങൾ തയാറാകണം. ജനങ്ങൾ അതേ നാണയത്തിൽ തിരിച്ചു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ മാത്രമേ പ്രകടന രാഷ്ട്രീയത്തിന് പകരം യഥാർഥ മാറ്റങ്ങൾ കൊണ്ടുവരുന്ന ജനകീയ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

