ഇജ്ലു ഇവന്റ് വൈബ്സ് ‘സമ്മർ ഫെസ്റ്റ് 2025’ നാളെ
text_fieldsഇജ്ലു ഇവന്റ് വൈബ്സ് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: വേനൽ ചൂടിൽ ഉരുകുന്ന പ്രവാസികൾക്ക് കുളിരേകി ജിദ്ദയിൽ ഇജ്ലു ഇവന്റ് വൈബ്സ് സംഘടിപ്പിക്കുന്ന ‘സമ്മർ ഫെസ്റ്റ് 2025’വെള്ളിയാഴ്ച മഹ്ജറിലുള്ള അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ നടക്കും. മെഹന്ദി, കാരംസ്, ചെസ് മത്സരങ്ങൾ, സംഗീത നിശ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാരംസ്, ചെസ് മത്സരങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും മെഹന്ദി മത്സരങ്ങളും ഈ മെഗാ പരിപാടിയിൽ നടക്കും.
കഴിഞ്ഞ ദിവസത്തെ ഒന്നാംപാദ മത്സരങ്ങളിൽ വൻജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് സംഘാടകർ പറഞ്ഞു. ഫൈനൽ മത്സരങ്ങളോടൊപ്പം നടക്കുന്ന സംഗീതനിശ വേനലവധി കാലത്ത് ജിദ്ദയിൽ തുടരുന്ന പ്രവാസികൾക്ക് വിനോദ, കലാവിരുന്നൊരുക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. പട്ടുറുമാൽ ഫെയിം സജീർ, പിന്നണി ഗായിക ജസീറ പയ്യന്നൂർ, ഹിന്ദി ഗായകനായ നഈം സിന്ധി എന്നിവരും കൂടെ ജിദ്ദയിൽനിന്നുള്ള ഗായകരുമാണ് സംഗീതരാവിൽ ഗാനങ്ങളുമായെത്തുക. കുട്ടികളുടെ വിവിധ നൃത്തങ്ങൾ, ഒപ്പന തുടങ്ങിയ കലാപരിപാടികളൂം അരങ്ങേറും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ചെസ്, കാരംസ് സെമി ഫൈനലും മെഹന്ദി മത്സരവും ആരംഭിക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് മെഹന്ദി മത്സരം. പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച വരെ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
മെഗാ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വാഹന പാർക്കിങ് സൗകര്യവും ജിദ്ദയിലെ ഏതാണ്ടെല്ലാ ഭാഗത്തുള്ളവർക്കും എത്തിപ്പെടാൻ സാധിക്കുന്ന, 1,000 ഓളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിലാണ് മെഗാ ഷോ. ഇജ്ലു ഇവന്റ് വൈബ്സ് ചെയർമാൻ ഇസ്മാഈൽ മണ്ണാർക്കാട്, ജനറൽ കൺവീനർ റാഫി ബീമാപ്പള്ളി, ഇവന്റ് കോഓഡിനേറ്റർ റിയാസ് മേലാറ്റൂർ, പ്രോഗ്രാം കൺവീനർമാരായ അയ്യൂബ് മുസ്ലിയാരകത്ത്, റാഫി ആലുവ, സബീന റാഫി, ഷമീം അയ്യൂബ്, മൗഷ്മി ശരീഫ്, റമീസ് റാഫി, ആമിന റാഫി ബീമാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

