ഇജ്ലു ഇവന്റ് വൈബ്സ് ‘സമ്മർ ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: ഇജ്ലു ഇവൻറ് വൈബ്സിന്റെ ബാനറിൽ ജിദ്ദയിൽ രണ്ടു ദിവസങ്ങളിലായി വിവിധ മത്സരങ്ങളും സംഗീതസന്ധ്യയുമായി ‘സമ്മർ ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് ഇസ്മായിൽ മണ്ണാർക്കാട് ചെയർമാനും റാഫി ബീമാപള്ളി ജനറൽ കൺവീനറും റിയാസ് മേലാറ്റൂർ ഇവന്റ് കോഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
ജൂലൈ അഞ്ച്, പതിനൊന്ന് തീയതികളിലായി നടക്കുന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ വൈകിട്ട് നാല് മണി മുതൽ മൈലാഞ്ചി അണിയിക്കൽ (മെഹന്തി), ചെസ്സ്, കാരംസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 11ാം തീയതി മെഗാ ഇവന്റിൽ വെച്ച് തത്സമയം ആയിരക്കണക്കിന് കാണികൾക്ക് മുമ്പിൽ നടക്കും. വിജയികൾക്ക് കാശ് അവാർഡും ട്രോഫിയും നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.
വേനൽ അവധിക്ക് ജിദ്ദയിൽ തന്നെ തുടരുന്നവർക്ക് വിനോദത്തോടൊപ്പം സംഗീതവും ആസ്വദിക്കാൻ ഒരുക്കുന്ന പരിപാടിയിൽ സിനിമ പിന്നണി ഗായകനായ നഈം സിന്ധിയും പട്ടുറുമാൽ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഷജീറും നയിക്കുന്ന സംഗീതനിശയിൽ ജിദ്ദയിലെ പ്രമുഖ ഗായകരും അണിനിരക്കും. കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും വേദിയിൽ അരങ്ങേറും. വൈവിധ്യമാർന്ന ഭക്ഷണശാലകൾ അടക്കം നിരവധി സ്റ്റാളുകളും ഒരുക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ ചെസ്സ്, കാരംസ് മത്സരങ്ങൾക്ക് 0539374661 എന്ന നമ്പറിലും മെഹന്ദി മത്സരങ്ങൾക്ക് 0558763128 എന്ന നമ്പറിലും ബന്ധപ്പെടണം.
മത്സരാർഥികൾ https://forms.gle/PNqe5TgUGGR426m38 എന്ന ഗൂഗ്ൾ ഫോമിൽ രജിസ്റ്റർ ചെയ്യുകയും വേണം. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

