ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇഗ്നോ ബിരുദദാന സമ്മേളനം; വഫ്ര ഖാനത്തിന് ആഗോള നേട്ടം
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഇഗ്നോ ബിരുദദാന ചടങ്ങിൽനിന്ന്
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്‌സിറ്റി (ഇഗ്നോ)യുടെ 39-ാമത് ബിരുദദാന സമ്മേളനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രൗഢഗംഭീരമായി നടന്നു. കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ വിശിഷ്ടാതിഥിയായിരുന്നു.
ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് സംവിധാനത്തിലൂടെ അക്കാദമിക് മികവ് പുലർത്തിയ സൗദിയിലുടനീളമുള്ള നിരവധി വിദ്യാർഥികൾ ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള 25-ലധികം വിദേശ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളോട് മത്സരിച്ച് ഇഗ്നോ യൂനിവേഴ്‌സിറ്റി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഫ്ര ഖാനം എന്ന വിദ്യാർഥിനിയുടെ നേട്ടം ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഈ സമാനതകളില്ലാത്ത നേട്ടം സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ അഭിമാനമാണ് നൽകുന്നതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ കഠിനാധ്വാനവും, രാജ്യത്ത് ഇഗ്നോ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്ന ഔദ്യോഗിക വിദേശ പഠന കേന്ദ്രമായ എജുക്കേഷനൽ കൺസൾട്ടിങ് ആൻഡ് ഗൈഡൻസ് സർവീസസ് നൽകുന്ന പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിലെ ഇഗ്നോ കോഓഡിനേറ്റർ റിയാസ് മുല്ലയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ സർവകലാശാലയ്ക്ക് വലിയ അംഗീകാരമാണ് രാജ്യത്ത് നേടിക്കൊടുത്തത്.
ആയിരക്കണക്കിന് പ്രവാസികൾക്ക് ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിച്ചു. ഇ.സി.ജി.എസ് മേധാവി മെഹദ് അഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘം, ജോലിത്തിരക്കുകൾക്കിടയിലും 10,000-ത്തിലധികം വിദ്യാർഥികൾക്ക് അംഗീകൃത ബിരുദങ്ങൾ നേടിക്കൊടുക്കാൻ നൽകിയ പിന്തുണയും ശ്രദ്ധേയമാണ്.
വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിെൻറ ബൗദ്ധികവും തൊഴിൽപരവുമായ വളർച്ചയിൽ ഉപരിപഠനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിച്ചു. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ നിരന്തരമായ പഠനത്തിനും അക്കാദമിക് മികവിനും വലിയ പങ്കുണ്ടെന്ന് ഡോ. മുഹമ്മദ് ഇമ്രാൻ ഊന്നിപ്പറഞ്ഞു.
വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത സമ്മേളനം അക്കാദമിക് മികവിന്റെ ആഘോഷമായി മാറി. ആജീവനാന്ത പഠനത്തിെൻറയും ആഗോള അവസരങ്ങളുടെയും പ്രാധാന്യം വിളിച്ചോതിയ 39-ാമത് ബിരുദദാന സമ്മേളനം പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

