ഇരു ഹറമുകളിലെ ഇഫ്താർ സംരംഭം; കമ്പനികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം
text_fieldsമക്ക ഹറമിലെ ഇഫ്താർ
മദീന: റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ താൽപര്യമുള്ള കമ്പനികൾക്കും ഫാക്ടറികൾക്കും അപേക്ഷ നടപടികൾ ആരംഭിച്ചു. ഇരു ഹറം കാര്യാലയത്തിന്റെ പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
തീർഥാടകർക്ക് സുഗമവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിനായി ഇത്തവണ ഡിജിറ്റൽ സംവിധാനങ്ങൾക്കാണ് അതോറിറ്റി മുൻഗണന നൽകുന്നത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഫുഡ് സർവിസ് അല്ലെങ്കിൽ കാറ്ററിങ് മേഖലയിൽ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. മക്കയിലോ മദീനയിലോ ഉള്ള മുനിസിപ്പാലിറ്റി ലൈസൻസോ അല്ലെങ്കിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരപത്രമോ നിർബന്ധമാണ്.
സേവനങ്ങളുടെ സുതാര്യതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഇഹ്സാൻ’, നുസുക് ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. വ്യക്തികൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഇഫ്താർ സേവനങ്ങളിൽ പങ്കാളികളാകാം. ഇഹ്സാൻ പ്ലാറ്റ്ഫോം വഴി സുരക്ഷിതമായ രീതിയിൽ സാമ്പത്തിക സഹായം നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റമദാനിൽ ഇരു ഹറമുകളിലുമെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് മികച്ച രീതിയിലുള്ള ഇഫ്താർ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

