ഇഫത്ത് പഠന-സാങ്കേതികവിദ്യ സമ്മേളനം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ബഹുമതി
text_fieldsഇഫത്ത് യൂനിവേഴ്സിറ്റി സമ്മേളനത്തിലെ വിശിഷ്ടാതിഥികളും പ്രതിനിധികളും യൂനിവേഴ്സിറ്റി അധികൃതര്‍ക്കൊപ്പം.
ജിദ്ദ: ഇഫത്ത് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച 22ാമത് അന്താരാഷ്ട്ര പഠന-സാങ്കേതികവിദ്യ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സരത്തിലും എക്സിബിഷനിലും ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മികവ് പുലര്‍ത്തി. 38 ഇന്റര്‍നാഷനല്‍ സ്കൂളുകള്‍ പങ്കെടുത്ത പ്രബന്ധ മത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ഗേള്‍സ് വിഭാഗം മൂന്നാം സ്ഥാനം നേടി. സ്കൂളിലെ 13 വിദ്യാര്‍ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന എക്സിബിഷനില്‍ ഏറ്റവുമധികം പ്രോജക്ടുകള്‍ അവതരിപ്പിച്ച സ്കൂളെന്ന ബഹുമതിയും ഇന്ത്യന്‍ സ്കൂള്‍ നേടി. കാഴ്ച ശക്തിപരിമിതിയുള്ളവര്ക്കുവേണ്ടി തയാറാക്കിയ ലൂമിസെന്സ് പ്രോജക്ട് സമ്മാനത്തിനര്‍ഹമായി. ബുഷ്റ സെയ്ദി ടീച്ചറുടെ നേതൃത്വത്തില്‍ അമീറ, ഫാത്തിമ ദിയ, അസ്ന മുഹമ്മദ് എന്നിവരാണ് പ്രോ ജക്ട് തയാറാക്കിയത്.
അമീറ, ഫാത്തിമ ദിയ, അസ്ന മുഹമ്മദ് എന്നീ ഇന്ത്യൻ വിദ്യാർത്ഥികൾ, തങ്ങൾ തയാറാക്കിയ ലൂമിസെന്സ് പ്രൊജക്ട്.വിശദീകരിക്കുന്നു
മാനവരാശിയുടെ സാമൂഹിക അഭ്യുന്നതിക്കും സാമ്പത്തിക പുരോഗതിക്കും പരിസ്ഥിതി പരിരക്ഷക്കും മനുഷ്യന്റെ ക്രിയാത്മകശേഷിയും സാങ്കേതികവിദ്യാശക്തിയും തമ്മിലെ സങ്കലനം അത്യന്താപേക്ഷിതമാണെന്ന് ജിദ്ദയില്‍ സമാപിച്ച അന്താരാഷ്ട്ര ലേണിങ് ആൻഡ് ടെക്നോളജി സമ്മേളനം അഭിപ്രായപ്പെട്ടു. ഇഫത്ത് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍നിന്നായി 350ഓളം പ്രതിനിധികള്‍ സംബന്ധിച്ചു. യന്ത്ര-മനുഷ്യ സങ്കലനത്തിലൂടെ സുസ്ഥിര ഭാവി എങ്ങനെ സാധ്യമാക്കാം എന്ന പ്രമേയത്തിലൂന്നിയ സമ്മേളനത്തില്‍ നിരവധി വിദഗ്ധര്‍ സംസാരിച്ചു. സി.ഇ.എസ് കൺസൽട്ടിങ് ചെയർപേഴ്സൺ ഡോ. ദിന ഹസൻ അൽനഹ്ദി, കിങ് അബ്ദുല്ല സയന്‍സ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിലെ പ്രഫ. മുഹമ്മദ് സ്ലിം അല്ഒയൂനി, ഈജിപ്തിലെ എല്‍സ് വെദി യൂനിവേഴ്സിറ്റി പ്രഫ. അഹമ്മദ് ഹസന് എന്നിവരായിരുന്നു ഉദ്ഘാടന സെഷനിലെ പ്രധാന പ്രഭാഷകര്‍.
പഠനത്തേയും നൂതന സാങ്കേതികവിദ്യ സംവിധാനങ്ങളെയും സമന്വയിപ്പിച്ച് സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്ന തലമുറയെ വളർത്തിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇഫത്ത് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹൈഫ ജമലല്ലൈലി പറഞ്ഞു. ലോകമെമ്പാടുമുള്ള 330 എഴുത്തുകാരും ഗവേഷകരും അവതരിപ്പിച്ച 117 പ്രബന്ധങ്ങളിൽ 70 എണ്ണം സർവകലാശാല അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി ഡോ. ഹൈഫ പറഞ്ഞു. ഇഫത്ത് യൂനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഉപാധ്യക്ഷയും യൂനിവേഴ്സിറ്റി ജനറൽ സൂപ്പർവൈസറുമായ ലുല്‍വ അല്‍ഫൈസല്‍ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കോളജ് ഡീൻ ഡോ. അകീല സരിറാറ്റെ പ്രാരംഭ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ, പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക മേഖലകളിലെ അഭ്യുന്നതിക്ക് സാങ്കേതികവിദ്യയെ ഏറ്റവും ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് സമ്മേളനം ചര്‍ച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം, വിഭവശോഷണം, സാമൂഹിക അസമത്വം തുടങ്ങിയവക്കുള്ള പരിഹാരങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

