പി.എം ശ്രീയുടെ നിബന്ധനകളിൽ മാറ്റം സാധ്യമല്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കണം -ഫിറ്റ് ജിദ്ദ
text_fieldsജിദ്ദ: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ അവ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫിറ്റ് ജിദ്ദ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആവശ്യമായ പൊതുചർച്ചകളോ സാമൂഹിക സംവാദങ്ങളോ കൂടാതെയാണ് മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും, അതിനാൽ നിലവിലുള്ള കരാറിലെ വ്യവസ്ഥകൾ ജനാധിപത്യ, മതേതര, ഫെഡറൽ മൂല്യങ്ങൾക്ക് അനുസൃതമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യവും പാഠ്യപദ്ധതി രൂപവത്കരണത്തിലുള്ള അവകാശവും സംരക്ഷിക്കുന്ന തരത്തിൽ നിബന്ധനകളിൽ വ്യക്തമായ മാറ്റങ്ങൾ വരുത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയോ, അത് സാധ്യമല്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുകയോ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
സാമ്പത്തിക സഹായം ഒരു പ്രധാന ഘടകമാണെങ്കിലും, രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും ക്ഷതമേൽക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. അതേസമയം, കേരളത്തെ ആഗോള ഉന്നത വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള നോളജ് വാലി പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയ നടപടിയെ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കും ഗവേഷണ-നവോത്ഥാന അധിഷ്ഠിത വികസനത്തിലേക്കും കേരളത്തെ നയിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. ഇസ്ഹാഖ് പൂണ്ടോളി, നൗഫൽ ഉള്ളാടൻ, ജാഫർ ചാലിൽ, കെ.കെ ഫൈറൂസ്, അഫ്സൽ നാറാണത്ത്, എം.പി ബഷീറലി, നാസർ മമ്പുറം, കെ.വി ജംഷീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

