വഖഫ് ഭേദഗതി; മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ ഒരുമിച്ച് ചെറുക്കുക -ഐ.സി.എസ്
text_fieldsജിദ്ദ: ഇസ്ലാമിക് കൾചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) സൗദി നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഷ്റഫ് വഹബി കുനിപ്പാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അർഷദ് ബാഹസ്സൻ തങ്ങൾ അധ്യക്ഷത വഹിച്ചു. റിയാദ്, ജിദ്ദ, ത്വാഇഫ്, ദമ്മാം സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും റമദാനിൽ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച ചർച്ചയും നടന്നു.
ഇന്ത്യ സർക്കാറിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെയും, മതം അംഗീകരിക്കാത്ത സംഘടിത സകാത് സംരംഭത്തിനെതിരെയും യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനാധിപത്യപരമായ ചർച്ചകൾ പോലുമില്ലാതെ തികച്ചും ഏകപക്ഷീയവും ധിക്കാരപരവുമായ ഇന്ത്യൻ സർക്കാറിന്റെ വഖഫ് നിയമ ഭേദഗതികളെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. മുസ് ലിം പൈതൃകത്തിനും നിലവിലുള്ളതും ഭാവിയിലെയും വഖഫ് പരമായ ഇടപാടുകൾക്കും സ്വത്തുക്കൾക്കും ഭീഷണിയായ, മുസ് ലിംകളുടെ മതപരമായ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണത്തിനെതിരെ സംഘടനാ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതേതര ഘടനയെയും സംരക്ഷിക്കുന്നതിനായി എല്ലാവരും മുന്നിട്ടിറങ്ങണം. ഒരു വിഭാഗത്തോടുള്ള അനീതി സമൂഹത്തെ മൊത്തത്തിൽ അപകടത്തിലാക്കുന്നു. ഭരണഘടന വകവെച്ചു നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തെയും ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതുണ്ടെന്നുമുള്ള പ്രമേയം യോഗം അംഗീകരിച്ചു
മതപരമായ സാധുത ഇല്ലാത്ത രീതിയിൽ സകാത്ശേഖരിക്കുകയും മതവിരുദ്ധമായ മേഖലയിൽ പോലും അത് ചിലവഴിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കേണ്ടതുണ്ട്. വ്യക്തിബാധ്യതയായ സകാത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിന്റെ കടമ കൃത്യമായി പൂർത്തീകരിക്കുന്ന രീതിയിൽ തന്നെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും നിർവഹിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.
അബ്ദുൽ ഗഫൂർ വഹബി, ഹസ്സൻ മുസ്ലിയാർ, അബ്ദുറഹ്മാൻ മൗലവി നാലകത്ത്, നൗഷാദ് ആക്കപ്പറമ്പിൽ, റിംശാദ് വഹബി, ഹിബത്തുല്ല കാസർകോട്, അസ്ക്കർ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ കല്ലാച്ചി സ്വാഗതവും സക്കീർ ഹുസ്സൈൻ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

