ഐ.സി.എഫ് ‘പ്രവാസി പാർലമെന്റ്’ സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് റിയാദിൽ സംഘടിപ്പിച്ച ‘പ്രവാസി പാർലമെന്റ്’
റിയാദ്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘നീതി സ്വതന്ത്രമാവട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദിൽ ‘പ്രവാസി പാർലമെന്റ്’ സംഘടിപ്പിച്ചു. നേരത്തെ സമർപ്പിക്കട്ടെ എൻട്രികളിൽ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത 22 പ്രതിനിധികൾ ആയിരുന്നു പ്രവാസി പാർലമെന്റിൽ പങ്കെടുത്തത്. അംഗങ്ങൾക്ക് പുറമെ സഭ വീക്ഷിക്കാനെത്തിയവർക്ക് സന്ദർശക ഗാലറിയും ഒരുക്കിയിരുന്നു. ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും’ എന്ന വിഷയത്തിൽ11 മോഷൻ അവതരണങ്ങളും തുടർന്ന് ഗഹനമായ ചർച്ചകളും ആണ് പ്രവാസി പാർലമെന്റിൽ നടന്നത്.
ഇലക്ഷൻ കമീഷൻ പോലും കക്ഷിരാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന് തെളിവുകൾ സംസാരിക്കുന്ന കാലത്ത്, നിരാശ കൈവെടിയാതെ ഇന്ത്യയുടെ ശക്തമായ ഭരണഘടന ആഴത്തിൽ പഠിക്കാനും അത് മുന്നിൽ നിർത്തി ഇന്ത്യ എന്ന ആശയത്തെയും രാജ്യത്തെയും നിലനിർത്താനുള്ള പോരാട്ടത്തിൽ ഓരോ പൗരന്മാരും ഇടപെടേണ്ടതുണ്ടെന്നും അതിനാവശ്യമായ വിദ്യഭ്യാസവും പരിശീലനവും സംഭവിക്കേണ്ടതുണ്ടെന്നും പാർലമെന്റ് ചർച്ചകളിൽ ഉയർന്നു വന്നു.
ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല (ശിഹാബ് കൊടുവള്ളി), അധികാരത്തിനായി മതത്തെ ചൂഷണം ചെയ്യുന്നു (അബ്ദുൽറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി), ഇലക്ഷൻ കമ്മീഷനും ചോരിയും (ഫൈസൽ മമ്പാട്), വായ മൂടിക്കെട്ടാനാകുമോ? (മുജീബ് അണ്ടോണ), ഭരണകക്ഷിയിൽ ചേർന്ന മാധ്യമങ്ങൾ (മുനീർ കൊടുങ്ങല്ലൂർ), മതധ്രുവീകരണം കുറക്കാനുള്ള വിദ്യാഭ്യാസവും സംസ്കാരവും (അലി ബുഖാരി), സോഷ്യൽ മീഡിയയിലെ വിദ്വേഷവും തെറ്റായ വിവരങ്ങളും നിയമവും സമൂഹവും ചേർന്ന് നിയന്ത്രിക്കൽ (ഷുക്കൂർ അലി ചെട്ടിപ്പടി), മതേതരത്വം നീക്കം ചെയ്താൽ ഇന്ത്യ എന്താകും? (നിഹാൽ അഹ്മദ്), ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ സംസ്കാരം എല്ലാവരുടെയും ശബ്ദം കേൾക്കുന്ന ഭരണകൂടം (അബ്ദുൾറസാഖ് മർഖബ്), ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പൗരന്റെ പങ്ക് (അബൂഹനീഫ മാസ്റ്റർ), മതം, ഭാഷ, പ്രദേശം മാറിയാലും ‘ഇന്ത്യൻ’ എന്ന് ഒന്നാകുക (അഷ്കർ മഴൂർ) എന്നിങ്ങനെയാണ് അവതരിപ്പിക്കപ്പെട്ട മോഷനുകളും അവതാരകരും.
ഓരോ മോഷനുകൾക്കുശേഷവും ചർച്ചകൾ നടന്നു. ചർച്ചകളിൽ ജാബിർ വെന്നിയൂർ, ഹാരിസ് മഖ്ദൂമി, ഇബ്രാഹിം കരീം, റസാഖ് വയൽക്കര, ഷമീർ രണ്ടത്താണി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, അബ്ദുൽ ലത്തീഫ് മാനിപുരം, ഉമർ മുസ്ലിയാർ പന്നിയൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇസ്മാഈൽ സഅദി, മുഹമ്മദ് വെള്ളൂക്കര, സിദ്ധീഖ് പാമ്പുരുതി, സുനൈസ് എറണാകുളം എന്നിവർ സംബന്ധിച്ചു. ജാബിറലി പത്തനാപുരം മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

